മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO

Share to

ദോഹ: ലോകകപ്പ് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽ നിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തിയാണ് മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ​മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.

മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധരിലേക്ക് തുറന്നുവിട്ടു. ‘മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ’ എന്നപേരിലായിരുന്നു ലോകകപ്പ് ഗാനത്തിന്റെ റിലീസിങ്. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയുടെയും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികൾ, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ എന്നിവരെ സാക്ഷിയാക്കി കേരളത്തിന്റെ കളിയാവേശത്തെ മനോഹരമായ ഗാനത്തിലൂടെ ലോകമെങ്ങുമുള്ള ആസ്വാദകരിലേക്ക് പകർന്നു.

Share to