പൊന്നോണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നു; ഇനി പൂക്കളങ്ങളുടെയും പൂവിളികളുടെയും ദിനങ്ങൾ

Share to


Perinthalmanna Radio
Date: 26-08-2025

പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി കേരളം. ഇന്ന് അത്തം പിറന്നതോടെ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഇനി 10 ദിവസം വീട്ടുമുറ്റത്ത് പൂക്കളങ്ങൾ ഉയരും. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു നാളുകളാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. കർക്കിടകം വിട പറഞ്ഞതോടെ പൂത്തു തളിർത്ത പ്രകൃതിയിലെ നാടൻ പൂക്കളായ തുമ്പ, മുക്കുറ്റി, തെച്ചി, നന്ത്യാർവട്ടം, കോളാമ്പി പൂക്കൾ എന്നിവയെല്ലാം അത്തപ്പൂക്കളത്തിൽ സ്ഥാനം കണ്ടെത്താറുണ്ട്.

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര നടക്കും. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. മന്ത്രി എം.ബി.രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *