താമരശ്ശേരി ചുരം പൂർണമായി അടക്കില്ല; മഴയില്ലാത്തപ്പോൾ ഒറ്റ വരിയായി ചെറിയ വാഹനങ്ങൾ കടത്തി വിടുന്നു

Share to


Perinthalmanna Radio
Date: 29-08-2025

വൈത്തിരി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ഗതാഗത പൂർണമായി അടക്കില്ല. മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റ വരിയായി ചെറു വാഹനങ്ങള്‍ മാത്രം കടത്തി വിടാനാണ് തീരുമാനം. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.

റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടർ നിര്‍ദ്ദേശം നല്‍കി..വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തു.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *