
Perinthalmanna Radio
Date: 31-08-2025
പെരിന്തൽമണ്ണ : നഗരസഭയും, കുടുംബശ്രീയും, വിജ്ഞാന കേരളവും സംയുക്തമായി സെപ്റ്റംബർ ഒന്നിന് ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു. നഗരസഭ നേരത്തെ നടപ്പാക്കിയ സെയ്‌ഫ് പദ്ധതിയുടെ കീഴിലെ ജോബ് എക്സ്പോയിൽ ഇതിനകം 2500 പേർ രജിസ്റ്റർ ചെയ്തു. 18 മുതൽ 60 വരെയുള്ള തൊഴിൽ അന്വേഷകർക്കായാണ് അവസരം ഒരുക്കുന്നത്. 80 തൊഴിൽ സ്ഥാപനങ്ങൾ ജോലിക്കാരെ തേടി എക്സ്പോയിൽ എത്തുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി പറഞ്ഞു. നഗരസഭക്ക് അകത്തും പുറത്തുമുള്ളവർ പേര് നൽകിയിട്ടുണ്ട്. സ്പോട്ട് അഡ്‌മിഷനും സൗകര്യമുണ്ട്. ഡോക്ടർമാർ, എൻജിനിയർ, നഴ്സുമാർ, സെയിൽസ്മെൻ, എക്സിക്യൂട്ടീവുകൾ തുടങ്ങി വ്യത്യസ്ഥ തൊഴിലാനായാണ് പലരും പേര് നൽകിയത്. രജിസ്റ്റർ ചെയ്തവരിൽ ഏറെയും വനിതകളാണ്.
രജിസ്റ്റർ ചെയ്യുന്നവരുടെ യോഗ്യതയും തൊഴിൽ നൈപുണ്യവും അനുസരിച്ച് ആവശ്യമെങ്കിൽ നഗരസഭ തൊഴിൽ പരിശീലനം നൽകും. കുറഞ്ഞത് ആയിരം പേർക്ക് സെപ്റ്റംബറിൽ തന്നെ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ജോബ് എക്സ്പോ വിജ്ഞാന കേരളം പദ്ധതി ഉപദേഷ്‌ടാവ് തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ ജോബ് സ്റ്റേഷൻ നേരത്തെ നഗരസഭയിൽ പ്രവർത്തനം തുടങ്ങിയതാണ്. വാർത്താസമ്മേളനത്തിൽ ചെയർമാൻ പി. ഷാജി, കുടുംബശ്രീ മിഷൻ കോഡിനേറ്റർ ബി സുരേഷ് കുമാർ, എം.കെ ശ്രീധരൻ, കിനാതിയിൽ സാലി എന്നിവര്‍ സംബന്ധിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
