
Perinthalmanna Radio
Date: 03-09-2025
പെരിന്തൽമണ്ണ ∙ നിർമാണ പ്രവൃത്തി പാതിവഴിയിൽ സ്തംഭിച്ചു കിടക്കുന്ന പെരിന്തൽമണ്ണ–പട്ടാമ്പി റോഡിലെ കട്ടുപ്പാറയിൽ റോഡിൽ രൂപപ്പെട്ട കുഴികളും കിടങ്ങുകളും ക്വാറി വേസ്റ്റ് ഉപയോഗിച്ച് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
നിർമാണം തുടങ്ങി 5 വർഷമായിട്ടും പൂർത്തീകരിക്കാനാവാതെ തകർന്നപടി കിടക്കുന്ന റോഡിൽ പരാതി ശക്തമാകുമ്പോൾ ക്വാറി വേസ്റ്റ് ഇട്ട് താൽക്കാലികമായി കുഴി മൂടുന്നതാണ് അധികൃതരുടെ രീതി. ഇനി ക്വാറി വേസ്റ്റ് ഉപയോഗിച്ച് താൽക്കാലിക കുഴിയടയ്ക്കൽ വേണ്ടെന്നും സ്ഥിരമായി റോഡ് നവീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
റോഡിലിട്ട ക്വാറി വേസ്റ്റ് നാട്ടുകാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാന്തിയെടുപ്പിച്ചു. അടുത്ത ദിവസം മുതൽ റോഡ് തകർച്ച പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
അതിനിടെ പുലാമന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതാളം മുതൽ റോഡ് വരെ പ്രതിഷേധ പോരാട്ടം എന്ന പേരിൽ ഇന്ന് രാവിലെ കട്ടുപ്പാറയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
