
Perinthalmanna Radio
Date: 03-09-2025
കൊണ്ടോട്ടി : കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വൈകും. റെസ നിർമാണക്കരാർ എറ്റെടുത്ത കമ്പനിയുടെ മെെല്ലപ്പോക്കാണ് കരിപ്പൂരിന് തിരിച്ചടിയാകുന്നത്.
നേരത്തെ ഡിസംബർ 31-നകം നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാർ നൽകിയിരുന്നത്. മണ്ണു ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നത് വൈകിയതോടെ നിശ്ചിത സമയ പരിധിക്കകം നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ അവലോകന യോഗത്തിൽ 2026 മാർച്ച് 31-നകം നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് 31-നകം 82 ശതമാനം പ്രവൃത്തികൾ മാത്രമേ പൂർത്തിയാകൂവെന്നാണ് ഇപ്പോഴത്തെ നിലപാട്. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020-ലുണ്ടായ വിമാന അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കുന്നത്. ഇതിനായി 12.54 ഏക്കർ ഭൂമി റൺവേയുടെ രണ്ടറ്റങ്ങളിലായി ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിയിൽ മണ്ണിട്ടുയർത്തി റൺവേയുടെ നിരപ്പിലാക്കുകയാണ് പ്രധാന പ്രവൃത്തി.
33 ലക്ഷം ഘനമീറ്റർ മണ്ണ് ആവശ്യമുണ്ട്. വിമാനത്താവളത്തിന്റെ 10-15 കിലോമീറ്റർ പരിധിയിൽ 75 ഇടങ്ങളിൽ നിന്ന് മണ്ണെടുക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു.
നടപടികൾ പൂർത്തിയാക്കി മണ്ണ് എടുക്കുന്നതിന് കാലതാമസം നേരിട്ടതോടെ റെസ നിർമാണം മന്ദഗതിയിലായി. മഴക്കാലത്ത് ഖനനത്തിന് അനുമതി ഇല്ലാത്തതിനാൽ ഇപ്പോൾ കാര്യമായ പ്രവൃത്തി നടക്കുന്നില്ല. ദേശീയപാതയ്ക്ക് മണ്ണെടുത്ത രീതിയിൽ നടപടികൾ ലഘൂകരിച്ച് റെസ നിർമാണത്തിന് മണ്ണ് ലഭ്യമാക്കുന്നതിന് ശ്രമം നടത്തുന്നുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. റെസ നിർമാണം പൂർത്തിയായാൽ മാത്രമേ വലിയ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തുകയുള്ളൂ. വലിയ വിമാനങ്ങൾ ഇല്ലാത്തത് കരിപ്പൂരിലെ ഹജ്ജ് സർവീസിനെയടക്കം ബാധിച്ചിരിക്കുകയാണ്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
