പഴയ കെഎസ്ആർടിസി ബസുകൾ ഇനി പൊളിക്കില്ല; താമസ സൗകര്യമൊരുക്കാൻ പദ്ധതി

Share to

Perinthalmanna Radio
Date: 31-10-2022

മലപ്പുറം: പഴയ ബസുകൾ പൊളിച്ചു നീക്കുന്നതിനു പകരം സ്‌ലീപ്പർ ബസുകളാക്കി സംസ്ഥാനത്തൊട്ടാകെ 6500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി. മൂന്നാർ, ബത്തേരി എന്നിവിടങ്ങളിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം രണ്ടാം വർഷത്തിലേക്കു കടക്കുമ്പോൾ പ്രധാന പദ്ധതികളിലൊന്നു കൂടിയാണിത്.

നിലവിൽ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകൾ മാത്രമാണുള്ളത്. ഡിപ്പോയിൽ തന്നെ നിർത്തിയിട്ട് പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് താമസ സൗകര്യമൊരുക്കുക. കുറഞ്ഞ ചെലവിൽ താമസിക്കാമെന്നതാണു പ്രത്യേകത. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്. നിലവിൽ പഴയ ബസുകൾ പൊളിച്ചു വിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ രൂപയാണു ലഭിക്കുന്നത്.

ഇതിനു പകരം മൂന്നോ നാലോ ലക്ഷം രൂപ മുടക്കി ഇവ സ്‌ലീപ്പർ ബസുകളാക്കി മാറ്റിയാൽ 6 മാസം കൊണ്ട് മുടക്കുമുതൽ തിരിച്ചുലഭിക്കുമെന്നതാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. ഇന്ധനമോ മറ്റു വലിയ ചെലവുകളോ ഇല്ലാത്തതിനാൽ വരുമാനവും കൂടും.ചാലക്കുടി, കൽപറ്റ, മാനന്തവാടി, നിലമ്പൂർ തുടങ്ങിയ യൂണിറ്റുകളിൽ ഇത്തരം ബസുകളുടെ സാധ്യത പരിശോധിച്ചിട്ടുണ്ട്. സ്‌ലീപ്പർ ബസുകൾ ഒരുക്കാനുള്ള ചെലവ് സംസ്ഥാന ലത്തിൽ വഹിക്കും. മേൽനോട്ടവും നടത്തിപ്പും അതത് ഡിപ്പോകളുടെ ചുമതലയാണ്. വരുമാനവും ഡിപ്പോകളുടെ കണക്കിൽ വരും.

Share to