
Perinthalmanna Radio
Date: 06-09-2025
അങ്ങാടിപ്പുറം : എഫ്സിഐ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) അങ്ങാടിപ്പുറത്തെ ഡിപ്പോയില്‍ നിന്ന് ധാന്യങ്ങള്‍ കൊണ്ടുപോകുന്ന 68 ലോറി ഡ്രൈവർമാർ ആശങ്കയില്‍.
10 ലോറികള്‍ക്ക് 6000 രൂപ ഫീസ് നല്‍കിയാണ് ലോറികള്‍ റെയില്‍വേ പരിസരത്ത് നിർത്തിയിടുന്നതെന്നാണറിയുന്നത്.
വർഷങ്ങള്‍ക്കു മുന്പ് എഫ്സിഐ ഗോഡൗണ്‍ റെയില്‍വേ പാട്ടത്തിന് നല്‍കിയതായിരുന്നു. എന്നാല്‍ ഇതിന്‍റെ കാലാവധി പൂർത്തിയായി. അതേസമയം ലോറികള്‍ നിർത്തിയിടുന്ന സ്ഥലം പാട്ടത്തിന് നല്‍കിയിട്ടുമില്ല. ലോറികള്‍ നിർത്തിയിടുന്ന റോഡ് പൂർണമായും റെയില്‍വേയുടേതുമാണ്.ഇപ്പോള്‍ റെയില്‍വേയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർഥം ഈ റോഡ് ആധുനിക രീതിയില്‍ നവീകരിക്കുവാൻ റെയില്‍വേ നടപടി ആരംഭിച്ചു കഴിഞ്ഞു. അതിനാല്‍ റോഡരികില്‍ നിർത്തിയിടുന്ന ലോറികള്‍ ഇവിടെ നിന്ന് മാറ്റേണ്ടതായി വരും. റെയില്‍വേയുടെ സ്ഥലത്ത് അനധികൃതമായി ലോറികള്‍ നിർത്തിയിടുന്നത് കുറ്റകരമാണെന്നാണ് റെയില്‍വേയുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട് ലോറി ഉടമകള്‍ റെയില്‍വേ അധികൃതർക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും ലോറികള്‍ നിർത്തിയിടുന്നതിന് നിയമാനുസൃതമായ വാടക നല്‍കേണ്ടിവരുമെന്നുള്ള മറുപടി ലഭിച്ചതായാണ് അറിയുന്നത്. രാത്രിയില്‍ ഭക്ഷ്യധാന്യങ്ങളുമായി വരുന്ന ഗുഡ്സ് ട്രെയിനുകള്‍ എഫ്സിഐയിലേക്ക് എത്തിയാല്‍ ധാന്യം ഇറക്കൽ രാവിലെ തന്നെ തുടങ്ങേണ്ടതുണ്ട്.
ഗുഡ്സ് ട്രെയിനിന് അനുവദിച്ച ഏഴ് മണിക്കൂറിനുള്ളില്‍ ചരക്കിറക്കിയില്ലങ്കില്‍ എഫ്സിഐ പിഴ ഒടുക്കേണ്ടതായി വരും. അങ്ങാടിപ്പുറം മേല്‍പ്പാലത്തിലെ ഗതാഗത കുരുക്ക് കാരണം ചില സമയങ്ങളില്‍ ലോറികള്‍ക്ക് ചരക്ക് കയറ്റാൻ എത്തിപ്പെടാൻ കഴിയുന്നില്ല.
ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് എഫ്സിഐ റോഡുകളില്‍ തന്നെ വാഹനങ്ങള്‍ നിർത്തിയിടുന്നതെന്നാണ് ലോറിക്കാരുടെ പക്ഷം. റേഷൻ ഭക്ഷ്യധാന്യങ്ങള്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങളാണെന്ന പരിഗണന വേണമെന്നാണ് ലോറിക്കാർ ചൂണ്ടിക്കാട്ടുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
