
Perinthalmanna Radio
Date: 04-10-2025
പെരിന്തൽമണ്ണ ∙ മോട്ടർ വാഹന വകുപ്പിൽ നിന്നെന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് എത്തിയ വ്യാജസന്ദേശം തുറന്നവരുടെ ബാങ്ക് അക്കൗണ്ടുകളുകളിലെ പണം നഷ്ടമായി. പെരിന്തൽമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും പലരുടെയും ലക്ഷക്കണക്കിനു രൂപ ഈ രീതിയിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ടു. പെരിന്തൽമണ്ണയിലെ ഒരേ ബാങ്ക് ശാഖയിലുള്ളവരുടെ പണമാണ് ഏറെയും നഷ്ടപ്പെട്ടത്.
വെട്ടത്തൂർ സ്വദേശിയായ ലോറിത്തൊഴിലാളി വീടുപണിക്കായി ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ച 5,69,984 രൂപ നഷ്ടപ്പെട്ടു. മണ്ണാർമലയിലെ മറ്റൊരു യുവാവിന്റെ 2,63,900 രൂപയും നഷ്ടപ്പെട്ടു. ഒരു മൊബൈൽ നമ്പറിൽനിന്ന് ഇരുവരുടെയും ഫോണിലേക്ക് സമാനരീതിയിലുള്ള സന്ദേശമാണ് എത്തിയത്.
വാഹനത്തിന്മേൽ 500 രൂപ ഫൈൻ ഉണ്ടെന്നും ആയതിന്റെ വിവരങ്ങൾ ലഭിക്കുന്നതിന് സന്ദേശത്തോടൊപ്പം വന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു സന്ദേശം. ആപ്ലിക്കേഷൻ തുറന്നതോടെ ഫോൺ ഹാങ്ങായി. അമിതമായി ചൂട് അനുഭവപ്പെടുകയും ചെയ്തു. അൽപസമയത്തിനകം ഈ മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിച്ചതായുള്ള സന്ദേശമാണു ലഭിച്ചത്. മണ്ണാർമല സ്വദേശി ആപ്ലിക്കേഷൻ ക്ലിക് ചെയ്ത ഉടനെ തന്നെ അപകടം തിരിച്ചറിഞ്ഞ് ബാങ്ക് ശാഖയിലെത്തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പല തവണകളായാണ് ഒരേ അക്കൗണ്ടിലേക്ക് പണം പിൻവലിക്കപ്പെട്ടത്. ബാങ്ക് അധികൃതർക്ക് ഉടനെ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് മണ്ണാർമല സ്വദേശിയുടെ ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
