
Perinthalmanna Radio
Date: 07-10-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പ്രധാന കാരണമായിരുന്ന പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ ഒടുവിൽ അടച്ചു. ഇന്നലെ രാത്രി തുടങ്ങിയ കുഴിയടക്കൽ ഇന്ന് രാവിലെയോടെയാണ് പുർത്തിയായത്. ടാറിങ് നടത്തിയാണ് കുഴികൾ പൂർണമായും അടച്ചത്.
തുടർച്ചയായ കനത്ത മഴയിൽ തിരക്കേറിയ പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനും ദേശീയ പാതയും ആയതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. റോഡിൽ രൂപപ്പെട്ട കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇടക്കിടെ ക്വറി വേസ്റ്റ് ഇട്ട് അടക്കുന്നതല്ലാതെ ഇത് വരെയും ടാറിങ് നടത്തിയിരുന്നില്ല
രാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവ് ആയതിനാൽ രാത്രി കാലങ്ങളിലും അതു പോലെ മഴയുള്ള സമയങ്ങളിലും റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതിനാലും പല ഇരുചക്ര വാഹന യാത്രക്കാരും കുഴി ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ബൈപ്പാസ് റോഡിലും ദേശീയ പാതയിലും ഈ കുഴികൾ മൂലം ഉണ്ടായിരുന്നത്. ബൈപ്പാസ് ജംഗ്ഷനിലെ കുഴികൾ അടച്ചതോടെ ഇവിടെ മാസങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
