പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ നടത്തിപ്പിനായി ക്ലബ്ബുകൾ കൊമ്പുകോർക്കുന്നു

Share to


Perinthalmanna Radio
Date: 07-10-2025

പെരിന്തൽമണ്ണ:  സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ വിവാദം. നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ന‌ടത്താൻ അനുവാദം തേടി കാദറലി ക്ലബ്ബും പ്രീമിയർ ക്ലബ്ബും നഗരസഭാ അധികൃതരെ സമീപിച്ചതാണ് വിവാദമായത്. ഇരു ക്ലബ്ബുകൾക്കും ഒരേ സമയത്തു സ്‌റ്റേഡിയം വിട്ടു നൽകണമെന്നതാണ് ആവശ്യം. കാദറലി ക്ലബ്ബിന്റെ 53–ാമത് അഖിലേന്ത്യാ സെവൻസ് ഫുട‌്ബോൾ ടൂർണമെന്റാണ് നടക്കാനിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ചേർന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചിരുന്നു. ഡിസംബർ 20 മുതൽ ടൂർണമെന്റ് നടത്താനും തീരുമാനിച്ചിരുന്നു.

2022ൽ സമാന രീതിയിൽ ഇരുപക്ഷത്തു നിന്നും ആവശ്യം ഉയരുകയും പ്രീമിയർ ക്ലബ്ബിന് ടൂർണമെന്റ് നടത്താൻ അനുമതി നൽകുകയും ചെയ്‌തിരുന്നു. ഇതുമൂലം കാദറലി ക്ലബ്ബിന്റെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പ‌ട്ടിക്കാട് സ്‌കൂൾ സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്ത വർഷം എഫ്‌സി പെരിന്തൽമണ്ണയും പിന്നീട് കാദറലി ക്ലബ്ബും ടൂർണമെന്റ് നട‌ത്താനും അന്ന് ധാരണയിലെത്തി. ഈ ധാരണ പ്രകാരമാണ് കഴിഞ്ഞ വർഷം വരെ ടൂർണമെന്റ് നടന്നത്. എഫ്‌സി പെരിന്തൽമണ്ണയുടെ അനുമതി പത്രം നേടി കാദറലി ക്ലബ് തന്നെയാണ് കഴിഞ്ഞ 2 വർഷങ്ങളിലും ടൂർണമെന്റ് നടത്തിയത്.

ഈ സാഹചര്യത്തിൽ ഈ വർഷം സ്‌റ്റേഡിയം തങ്ങൾക്ക് അനുവദിക്കണമെന്നതാണ് പ്രീമിയർ ക്ലബ്ബിന്റെ അവകാശവാദം. അതേസമയം ഏറെ മുൻപ് അപേക്ഷ നൽകിയതാണെന്നും ടൂർണമെന്റിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളുമായി ഏറെ മുന്നോട്ടു പോയതിനാൽ ഈ വർഷം കാദറലി ക്ലബിനു സ്‌റ്റേഡിയം അനുവദിക്കണമെന്നും ക്ലബ് സെക്രട്ടറി പച്ചീരി ഫാറൂഖ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത വർഷമോ തുടർവർഷമോ പ്രീമിയർ ക്ലബ്ബുനു സ്‌റ്റേഡിയം അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ ടീമുകളെ അനുവദിച്ച കത്തു സഹിതമാണ് പ്രിമിയർ ക്ലബ് നഗരസഭയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളതെന്ന് ചെയർമാൻ പി.ഷാജി പറഞ്ഞു.

സെവൻസ് ഫുട്ബോൾ അസോസിയേഷനിലെ പടലപ്പിണക്കങ്ങളുടെ കൂടി ഭാഗമായാണ് ഈ കത്ത്. അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറിയായ താൻ ഇക്കാര്യം അറിഞ്ഞില്ലെന്നും സംസ്ഥാന കമ്മിറ്റി ടീമുകളെ അനുവദിക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് പച്ചീരി ഫാറൂഖ് പറയുന്നത്. പെരിന്തൽമണ്ണ നഗരസഭയ്‌ക്ക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തണമെന്ന താൽപര്യം മാത്രമേയുള്ളൂവെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പ്രതിസന്ധി ഒഴിവാക്കാൻ ഇതു സംബന്ധിച്ച് ഇരുപക്ഷത്തെയും ഭാരവാഹികളുമായി 10നു ചർച്ച നടത്തുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.
————-

Share to

Leave a Reply

Your email address will not be published. Required fields are marked *