
Perinthalmanna Radio
Date: 02-11-2022
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സൂപ്പർ ഹിറ്റായ ഉല്ലാസയാത്ര തുടങ്ങി ഒരു വർഷം പിന്നിട്ടു. ഒന്നാം വാർഷികം ആഘോഷിക്കാനും സഞ്ചാര പ്രിയർക്ക് ഒരു യാത്ര ഒരുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ചതുരംഗപ്പാറയാണ്.
നവംബർ ആറിന് തിരൂർ വഴിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാടിന്റെ ഗ്രാമങ്ങളെ കാണാൻ കഴിയുന്ന ഇടുക്കി ജില്ലയിലെ ടൂറിസം സ്പോട്ടാണിത്. കാറ്റാടിപ്പാടങ്ങളും വലിയ കൊക്കയും കൃഷിയിടങ്ങളും കാടും മലയുമെല്ലാം കാണാം. കാറ്റും മഞ്ഞും അനുഭവിച്ചറിയാം.
മലപ്പുറത്ത് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെടും. തിരൂരിൽ എത്തി ഇവിടെ നിന്നുള്ളവരുമായി കോതമംഗലത്തെത്തും. ഇവിടെ ജംഗിൾ സഫാരി ഒരുക്കിയിട്ടുണ്ട്. പിന്നെ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലേക്ക്. 1090 രൂപയാണ് ടിക്കറ്റ് നിരക്ക്. പാർക്കുകളിലേക്കും മറ്റുമുള്ള പ്രവേശന പാസുകളും ഭക്ഷണത്തിനുള്ള തുകയും മറ്റു ചിലവുകളും ഇതിൽ പെടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് മൂന്നാറിലേക്കാണ് ആദ്യമായി മലപ്പുറത്ത് നിന്ന് ഉല്ലാസയാത്രയ്ക്കായി കെഎസ്ആർടിസി ഓടിയത്.
