പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്

Share to

Perinthalmanna Radio
Date: 02-11-2022

മലപ്പുറം കാൽപ്പന്തിനെ ഹൃദയമാക്കിയ മലപ്പുറത്തിന്‌ വീണ്ടും സന്തോഷവാർത്ത. ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിയുടെ ആറ്‌ ഹോം ഗ്രൗണ്ട്‌ കളികൾക്ക്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം വേദിയാകും. ബാക്കിയുള്ള മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. കൂടുതൽ കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌ പകുതി മത്സരങ്ങൾ പയ്യനാട്ടേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. സന്തോഷ്‌ട്രോഫി ഫുട്‌ബോൾ മത്സരം കാണാൻ പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയതും പയ്യനാടിനെ പരിഗണിക്കാൻ കാരണമായി. ഐ ലീഗ്‌ പുതിയ സീസണിന്റെ ഉദ്‌ഘാടന മത്സരം പയ്യനാട്ടാണ്‌. 12ന്‌ വൈകിട്ട്‌ 4.30ന്‌ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങുമായാണ്‌ ഗോകുലത്തിന്റെ മത്സരം. രാത്രി ഏഴിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ ഐ ലീഗ്‌ അധികൃതർക്ക് ഗോകുലം കത്തുനൽകിയിട്ടുണ്ട്‌. കോവിഡിനുശേഷം ആദ്യമായാണ് കാണികളെ അനുവദിച്ച്‌ ഐ ലീഗ് ഹോം–-എവേ മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കിരീടം നേടിയ ഗോകുലം കാമറൂൺ പരിശീലകൻ റിച്ചാർഡ് ടോവയുടെ ശിക്ഷണത്തിലാണ് പുതിയ സീസണിൽ ഒരുങ്ങുന്നത്‌. ഐസ്വാൾ എഫ്സി, റിയൽ കശ്മീർ, ശ്രീനിധി എഫ്സി, കെങ്കേരെ എഫ്സി, സുദേവ ഡൽഹി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി, ട്രാവു എഫ്സി, ചർച്ചിൽ ബ്രദേഴ്‌സ് എഫ്സി, നെരോകാ എഫ്‌സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകൾ.

Share to

Leave a Reply

Your email address will not be published. Required fields are marked *