Perinthalmanna Radio
Date: 03-11-2022
മലപ്പുറം: വൈദ്യുതവാഹനങ്ങൾ ചാർജ്ചെയ്യാൻ സംവിധാനമില്ലെന്ന പരാതി തീരുന്നു. ജില്ലയിൽ 122 സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുകയാണ്.
നാലുചക്ര വാഹനങ്ങൾക്കായി മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി 119 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുമാണുള്ളത്. മുണ്ടുപറമ്പിലെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടേത് പുരോഗമിക്കുന്നു.
നാലുചക്രവാഹനങ്ങൾക്കായി മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി. സബ്സ്റ്റേഷൻ പരിസരം, തിരൂർ താഴേപ്പാലം വൈദ്യുതഭവൻ പരിസരം, പൊന്നാനി സബ്സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. 40 മിനിറ്റിൽ കാർ മുഴുവനായി ചാർജാകും.
വൈദ്യുതിത്തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർജ് ചെയ്യുമ്പോൾ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. ഗോഈസി (GOEC) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പണമടച്ചാണ് വാഹനങ്ങൾ ചാർജ്ചെയ്യുക. ഒരു യൂണിറ്റിന് 15 രൂപയും ജി.എസ്.ടി.യുമാണ് ചെലവ്.
പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊർജസുരക്ഷ ഉറപ്പാക്കുക, പെട്രോൾ വിലവർധനമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവയാണ് ഇ-വെഹിക്കിൾ പദ്ധതിയുടെ ലക്ഷ്യം.
ഇ.വി. ചാർജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30-ന് മുണ്ടുപറമ്പ് 110 കെ.വി. സബ്സ്റ്റേഷൻ പരിസരത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും. പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനാകും.