
Perinthalmanna Radio
Date: 02-11-2025
മലപ്പുറം : മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഇനി ‘പച്ച പിടിക്കും’. കേരളപ്പിറവി ദിന സമ്മാനമായി മലപ്പുറം ഡിപ്പോയിൽ പുതിയ ബസ് എത്തി. സൂപ്പർ ഫാസ്റ്റിന്റെ യാത്രാ സുഖവും കൂടുതൽ സൗകര്യങ്ങളുമുള്ള പുതുനിറ ബസ് കഴിഞ്ഞ ദിവസം രാവിലെയാണ് തിരുവനന്തപുരത്തു നിന്ന് എത്തിയത്. യൂണിറ്റ് ഓഫിസർ എം.വി.അനസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലിലേക്കാണ് ആദ്യ യാത്ര.
സംസ്ഥാനത്ത് 3 ഡിപ്പോകൾക്ക് മാത്രമായി നൽകിയ ബസുകളിലൊന്നാണ് മലപ്പുറത്തിനു ലഭിച്ചത്. ഫോൺ റീചാർജ് ചെയ്യാനുള്ള സൗകര്യമടക്കമുണ്ട്. ജീവനക്കാരും ‘ആനവണ്ടി ഫാൻസുകാരും’ ചേർന്ന് ബസിൽ നഗരം ചുറ്റി. മധുരപലഹാര വിതരണവുമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്ത ശേഷമാണ് ബസ് മലപ്പുറത്തേക്ക് വിട്ടത്. ഇവിടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഡിപ്പോ എൻജിനീയർ ജേക്കബ് ജോർജ്, ആനവണ്ടി ഫാൻസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ അക്ബർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എം.സജിത്ത് കുമാർ, ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്റർ എസ്.ഷിജിൽ, യൂണിറ്റ് കോഓർഡിനേറ്റർ കെ.പി.യൂസഫ്, സി.എം.മധു, കെ.സുധീഷ് കുമാർ, എം.ആർ.ശെൽവരാജ് എന്നിവർ പങ്കെടുത്തു.
ഒക്ടോബറിൽ മാത്രം വിവിധ ടൂർ പാക്കേജുകളിലൂടെയും ചാർട്ടേഡ് ട്രിപ്പുകളിലൂടെയും മലപ്പുറം കെഎസ്ആർടിസി ബിടിസി സെൽ നേടിയത് 13 ലക്ഷം രൂപ. 25 ബിടിസി ടൂർ പാക്കേജുകളാണ് ഈ മാസം പൂർത്തിയാക്കിയത്. പ്രധാനമായും മൂന്നാർ, ഗവി, മലക്കപ്പാറ, ഇല്ലിക്കൽ കല്ല്, ആലപ്പുഴ ഹൗസ് തുടങ്ങിയവ.
ഇതിനു പുറമേ ആളുകൾ കല്യാണം പോലുള്ള സ്വകാര്യ ആവശ്യങ്ങൾക്കും കെഎസ്ആർടിസി ബസുകൾ വേണമെന്ന് ആഗ്രഹിക്കുന്നതായി ബിടിസി യൂണിറ്റ് കോഓർഡിനേറ്റർ കെ.പി.യൂസുഫ് പറഞ്ഞു. ഒക്ടോബറിൽ മാത്രം 8 ട്രിപ്പുകളാണ് ഇത്തരത്തിൽ ലഭിച്ചത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
