കളത്തിലക്കരയിലെ സംസ്കരണ പ്ലാന്റിൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കി

Share to


Perinthalmanna Radio
Date: 06-11-2025

പെരിന്തൽമണ്ണ: നഗരസഭയുടെ കളത്തിലക്കരയിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കി. നവീകരിച്ച വിൻഡ്രോ പാഡ് കെട്ടിടം, ശീതീകരിച്ച ഹരിതകർമ സേന അക്കാദമിക് ഹാൾ, ഓഫിസ് റൂം, റസ്റ്റ്‌ റൂം, എയർ വെന്റിലേഷൻ ചെയ്ത ആർആർഎഫ് തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു.

പ്രതിദിനം 2 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള വിൻഡ്രോ കംപോസ്റ്റ് യൂണിറ്റ് നിലവിലുണ്ടായിരുന്നു.

എന്നാൽ പ്രതിദിനം 5 ടൺ മാലിന്യം പ്ലാന്റിൽ വാതിൽപ്പടി സേവനം മുഖേന സംസ്കരണത്തിനായി എത്തുന്നതിനാലാണ് കെഎസ്‌ഡബ്ലിയുഎംപി കേരള സുസ്ഥിര മാലിന്യസംസ്കരണ പ്രൊജക്റ്റ്‌ ഫണ്ട് പ്രകാരം 40,80,000 രൂപ ഉപയോഗപ്പെടുത്തി വിൻഡ്രോ കംപോസ്റ്റ് നവീകരണം പൂർത്തിയാക്കിയത്. കൂടാതെ 18,10,000 രൂപ വകയിരുത്തി 13.5 ഏക്കർ പ്ലാന്റിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന് സജ്ജമാകും വിധം ഇലക്ട്രിഫിക്കേഷൻ നടത്തി. ശീതികരിച്ച ഹരിതകർമ സേന അക്കാദമിക് ഹാൾ, ഓഫിസ് റൂം, റസ്റ്റ്‌ റൂം, എയർ വെന്റിലേഷൻ ചെയ്‌ത ആർആർഎഫ് എന്നിവയാണ് ക്രമീകരിച്ചത്.

27 ലക്ഷം രൂപ വകയിരുത്തി ആവിഷ്കരിച്ച എംസിഎഫ്, എയർപോർട്ട് നിലവാരത്തിലുള്ള 10 ടോയ്‌ലറ്റുകൾ എന്നീ പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും നടന്നു.

10 ലക്ഷം രൂപയുടെ ജൈവ മാലിന്യം കട്ട് ചെയ്യുന്ന ബയോ ഷ്രെഡ്ഡിങ് മെഷീൻ പ്ലാന്റിൽ ലഭ്യമാക്കി. ഓട്ടമാറ്റിക് ബൈലിങ് മെഷീൻ, ഡീഡസ്റ്റർ സംവിധാനം, 20 ലക്ഷം രൂപയുടെ യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യം വേർതിരിക്കുന്ന കൺവെയർ ബെൽറ്റ്‌ സംവിധാനം, 35 ലക്ഷം രൂപയുടെ രണ്ട് വാഹനം തുടങ്ങി പ്ലാന്റിനെ പൂർണ സജ്ജമാക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ഹരിത കർമസേനയുടെ ജോലി ആയാസകരമാക്കുന്നതിനും മാലിന്യപരിപാലനം അതിവേഗത്തിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പദ്ധതികൾ സഹായകരമാകുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.

വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ പി.എസ്.സന്തോഷ് കുമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ സി കെ വത്സൻ, മുനിസിപ്പൽ എൻജിനീയർ കെ.ആർ.രാജേഷ്, ജെഎച്ച്ഐമാരായ ടി.രാജീവൻ, തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *