
Perinthalmanna Radio
Date: 05-11-2022
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ പ്രവചനം. തുലാവർഷത്തോടൊപ്പം ചക്രവാത ചുഴിയുടെയും സ്വാധീനമുള്ളതിനാലാണ് മഴ ശക്തിപ്പെടുകയെന്നാണ് വിലയിരുത്തൽ. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ-ജാഗ്രതാ നിർദേശങ്ങളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം നവംബർ ഒൻപതാം തീയതിയോടെ ഒരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാത ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി നവംബർ 6 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
