
Perinthalmanna Radio
Date: 23-11-2025
പെരിന്തൽമണ്ണ ∙ 30 വർഷത്തെ സിപിഎം നേതൃത്വത്തിലുള്ള നഗരസഭാഭരണത്തിനെതിരായ കുറ്റപത്രം ജനസമക്ഷം സമർപ്പിച്ച് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു യുഡിഎഫ്.
മൂന്നു പതിറ്റാണ്ട് ഏക കക്ഷിഭരണം നടന്നിട്ടും അതിൽത്തന്നെ 20 വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിൽ ഉണ്ടായിട്ടും പെരിന്തൽമണ്ണ നഗരസഭയിൽ വികസന രംഗത്ത് എടുത്തു പറയാവുന്ന ഒരു പദ്ധതിയും കൊണ്ടുവരാൻ സിപിഎം ഭരണസമിതിക്ക് കഴിഞ്ഞില്ലെന്ന് യുഡിഎഫ് ആരോപിച്ചു.
എല്ലാ സൗകര്യങ്ങളും ഒത്തുവന്നിട്ടും വികസനം സംബന്ധിച്ച കാഴ്ചപ്പാടിന്റെ അഭാവത്തിൽ പെരിന്തൽമണ്ണ നഗരത്തിന്റെ വളർച്ച മുരടിക്കുകയാണുണ്ടായത്.
പൂർത്തിയാകാത്ത പദ്ധതികളും സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയും മാത്രമാണ് സിപിഎം ഭരണത്തിന്റെ ശേഷിപ്പ്. നഗരമധ്യത്തിലെ അപൂർണമായ മാർക്കറ്റും പൂട്ടിക്കിടക്കുന്ന വിശ്രമകേന്ദ്രവും ഭരണത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. മലിനജലം ഒഴുകുന്ന ഓടകളും നടപ്പാതകൾ ഇല്ലാത്തതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് വികസനരംഗത്ത് നിലനിൽക്കുന്നത്.
ദ്രവമാലിന്യ സംസ്കരണത്തിന് നൂതനമായ പദ്ധതികൾ ഇല്ലാത്തതാണ് ഓടകളിലെ അസഹ്യമായ ദുർഗന്ധത്തിനും തോടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ മലിനമാകുന്നതിനും കാരണമായിട്ടുള്ളത്. യുഡിഎഫ് ആരോപിച്ചു.
യുവാക്കൾക്ക് തൊഴിൽ നൽകാൻ പര്യാപ്തമായ ചെറുകിട വ്യവസായ യൂണിറ്റുകൾ ഒന്നുപോലും തുടങ്ങാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല .
മാലിന്യ സംസ്കരണത്തിന് 13 ഏക്കർ സ്ഥലം കൈവശം ഉണ്ടായിട്ടും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരാൻ സാധിച്ചില്ല .
വിശ്രമ, വിനോദ കേന്ദ്രമോ പൊതുശുചിമുറിയോ യാത്രക്കാർക്ക് സൗകര്യപൂർവം ആശ്രയിക്കാവുന്ന ബസ് സ്റ്റാൻഡുകളോ നിർമിക്കാൻ നഗരസഭയ്ക്ക് കഴിയാതെ പോയി.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർഥി സംഗമവും ഇന്ന് നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി. വി.ബാബുരാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്, യുഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പച്ചീരി ഫാറൂഖ്, യുഡിഎഫ് നേതാക്കളായ എം.ബി.ഫസൽ മുഹമ്മദ്, അരഞ്ഞിക്കൽ ആനന്ദൻ, പച്ചീരി നാസർ, നാലകത്ത് ബഷീർ എന്നിവർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
