
Perinthalmanna Radio
Date: 30-11-2025
പെരിന്തൽമണ്ണ : രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ ഇവിടെയുണ്ട്. അങ്ങാടിപ്പുറം ചെരയ്ക്കാപറമ്പ് ആശാരിപ്പടി പാതാരി ഹാരിസിന്റെ ശേഖരത്തിലാണ് ബാലറ്റ് പെട്ടികൾ ഉള്ളത്. 1951ലും 1960ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികളാണിവ. അന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന രീതിയായിരുന്നു. പഴയവസ്തുക്കൾ എടുക്കുന്ന പൊളി മാർക്കറ്റിൽ നിന്നാണ്, 1960കളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടി കണ്ടെത്തിയതെന്ന് ഹാരിസ് പറഞ്ഞു.
അപൂർവ പുരാവസ്തു ശേഖരത്തിന് ഉടമയാണ് ഹാരിസ്. തമിഴ്നാട്ടിൽ പുരാവസ്തു പ്രദർശനത്തിനു പോയപ്പോൾ വിൽപനശാലയിൽ നിന്ന് വാങ്ങിയതാണ് 1951ലെ ബാലറ്റ് പെട്ടി. നിശ്ചിത കാലാവധിക്കു ശേഷം ലേലം ചെയ്തു വിൽപന നടത്തിയ ശേഷം പൊളി മാർക്കറ്റിലെത്തിയതാണിവ. 200 വരെ ബാലറ്റ് പേപ്പർ മാത്രം നിക്ഷേപിക്കാൻ കഴിയുന്ന, 1951ലെ പെട്ടി താരതമ്യേന ചെറുതാണ്.
അന്നത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന തീയതിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960കളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടിക്ക് എട്ടു കിലോഗ്രാമോളം ഭാരമുണ്ട്. ഇതിൽ ആയിരത്തോളം ബാലറ്റ് പേപ്പറുകൾ നിക്ഷേപിക്കാം.
ആൽവിൻ കമ്പനിയാണ് ബാലറ്റ് പെട്ടികൾ നിർമിച്ചിട്ടുള്ളത്. ബാലറ്റ് പേപ്പറിൽ വോട്ട് പതിപ്പിക്കുന്ന വോട്ടിങ് സ്‌റ്റാമ്പും ഹാരിസിന്റെ ശേഖരത്തിൽ ഉണ്ട്.
ബ്രിട്ടിഷ് ഭരണ കാലത്തിന്റെ ഓർമകളായി അവരുടെ ആയുധപ്പെട്ടികളും പറങ്കിപ്പൂട്ടും 100 വർഷത്തിലേറെ പഴക്കമുള്ള ടൈപ്പ്റൈറ്ററും ഗ്രാമഫോണും വിവിധങ്ങളായ നാണയ ശേഖരവുമെല്ലാം ഇവിടെയുണ്ട്. മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി ജോ.സെക്രട്ടറിയാണ്. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമുള്ള പ്രധാന പുരാവസ്തു പ്രദർശനങ്ങളിലെല്ലാം ഹാരിസ് പങ്കെടുക്കാറുണ്ട്. ഫാഷൻ ഡിസൈനറായ ഫൗസിയമോൾ ആണ് ഭാര്യ. വിദ്യാർഥികളായ സിയയും യാമിനുമാണ് മക്കൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
