
Perinthalmanna Radio
Date: 01-12-2025
പെരിന്തൽമണ്ണ: ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷൻ വിതരണത്തിൽ നീലക്കാർഡുകാർക്ക് അഞ്ചു കിലോ അരിയും വെള്ള കാർഡുകാർക്ക് പത്തു കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അധികമായി ലഭിക്കും. എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.
ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ പുഴുക്കലരിയോ ലഭിക്കും. വനിതകൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആയിരം രൂപയ്ക്ക് മേൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മേൽ സബ്സിഡി സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും. താലൂക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
