
Perinthalmanna Radio
Date: 01-12-2025
പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികളുടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്. ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. അടുത്തയാഴ്ച മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കൾ ജില്ലയിലെത്തും. ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയം. ശബരിമല സ്വർണക്കൊള്ളയും മലപ്പുറം ജില്ലയോടുള്ള അവഗണനയും യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. മാറ്റത്തിനൊരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎയുടെ പ്രചാരണം. ചില സ്ഥലങ്ങളിലെങ്കിലും വിമതർ പണി തരുമോയെന്ന ആശങ്ക മുന്നണികൾക്കുണ്ട്.
പത്രിക പിൻവലിക്കലിനുള്ള സമയം അവസാനിച്ച് സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് അരയും തലയും മുറുക്കിയിറങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. പോസ്റ്റർ, ബാനർ എന്നിവ കവലകളിലെങ്ങും ഉറപ്പിക്കുന്നതിനായിരുന്നു ആദ്യ മുൻഗണന. ഇതിനു പിന്നാലെ സ്ക്വാഡുകളായി തിരിഞ്ഞ് പ്രവർത്തകർ വീട് കയറിത്തുടങ്ങി. അടുത്ത ഘട്ടത്തിൽ വോട്ടർമാർക്കു നൽകാനുള്ള സ്ലിപ് വിതരണം ചെയ്യാനായി ഒരിക്കൽകൂടി വീടുകൾ കയറും. ഭൂരിഭാഗം സ്ഥലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽതന്നെ മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ സജ്ജമായി.
ശബരിമലയും രാഹുൽ മാങ്കൂട്ടത്തിലുമൊക്കെയാണ് പ്രചാരണ രംഗത്തെ പൊതുവിഷയങ്ങൾ. യുഡിഎഫ്, വെൽഫെയർ കൂട്ടുകെട്ട് ചർച്ചകളിൽ നിറഞ്ഞു. സ്ത്രീ സുരക്ഷാ പദ്ധതിയുടേതെന്ന പേരിൽ ഇടതുമുന്നണി പ്രവർത്തകർ അപേക്ഷാ ഫോം വീടുകളിലെത്തിക്കുന്നുവെന്ന പരാതി ഉയർന്നു. ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഓരോ വാർഡിലും ഓരോ വിഷയമാണ്. അടുത്തഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാവുന്ന പുതിയ വിഷയങ്ങൾ ഉയർന്നുവന്നേക്കാം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
