മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പണി തുടങ്ങി.

Share to


Perinthalmanna Radio
Date: 02-12-2025

മേലാറ്റൂർ: നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പണി തുടങ്ങി. മണിയാണിക്കടവ് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ റോഡുവരെയുള്ള ഭാഗത്തെ വലിയ കുഴികളാണ് സോളിങ് നിരത്തി താത്കാലികമായി അടയ്ക്കുന്നത്.

ഈ ഭാഗത്തെ ടാറിങ്ങും ഉടൻ നടത്തും. തിങ്കളാഴ്ച രാവിലെ പണി തുടങ്ങിയപ്പോൾ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെട്ടത്. ഇതു യാത്രക്കാരെയും സമീപത്തെ വ്യാപാരികളെയും വല്ലാത്ത ദുരിതത്തിലാക്കി.

വർഷങ്ങളായി റോഡിന്റെ ഈ ഭാഗം തകർന്നു തരിപ്പണമായി കിടക്കുകയാണ്. പലതവണ പാച്ച് വർക്കുകൾ നടത്തിയെങ്കിലും മഴയൊന്നു ചാറിയാൽ കുഴികൾ വീണ്ടും രൂപപ്പെടും. റെയിൽവേ ഗേറ്റിനിരുവശത്തുമുള്ള റോഡിലാണ് ഈ ദുരവസ്ഥ. അതുകൊണ്ടുതന്നെ തീവണ്ടി കടന്നുപോയി ഗേറ്റ് തുറക്കുമ്പോൾ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് – പാലക്കാട് സംസ്ഥാനപാതയും നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാനപാതയും കടന്നുപോകുന്ന റോഡുകൂടിയാണിത്. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കുള്ള നിരവധി രോഗികളും ആംബുലൻസുകളുമെല്ലാം ഈ കുഴികൾ താണ്ടിയാണ് കടന്നു പോകുന്നത്.

അതുകൊണ്ടുതന്നെ താത്കാലിക പരിഹാരമല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. സംസ്ഥാനപാതയുടെ പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള ഭാഗം വീതികൂട്ടി റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനുള്ള പണി വർഷങ്ങൾക്കുമുമ്പ് തുടങ്ങിയരുന്നെങ്കിലും പലകാരണങ്ങളാൽ അത് പാതിവഴിയിൽ നിലച്ചതാണ് റോഡിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *