സേഫ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ

Share to

Perinthalmanna Radio
Date: 06-11-2022

മലപ്പുറം: പട്ടികജാതി വിഭാഗക്കാർക്ക് വീട് പൂർത്തിയാക്കാൻ പുതിയതായി ആരംഭിച്ച സേഫ് (സെക്യുർ അക്കൊമഡേഷൻ ആൻഡ്‌ ഫെസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ. സംസ്ഥാനത്ത് ആകെ 7,000 വീടുകളാണ്. ഒരുവീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായംനൽകുന്ന പദ്ധതിയാണിത്. ഇതിലേക്ക് അർഹരെ കണ്ടെത്താൻ മാനദണ്ഡങ്ങളും പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചു.

കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് എന്ന സ്വപ്‌നം സഫലമാക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയിലേക്ക് നവംബർ 11 വരെ അപേക്ഷിക്കാം. മുൻപും സർക്കാർ ഇത്തരം പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും വ്യവസ്ഥകൾ കർശനമായിരുന്നു. ഇവ ഉദാരമാക്കിയാണ് പുതിയ ഉത്തരവ് വന്നത്. സ്വാഭാവികമായും ധാരാളം അപേക്ഷകരുണ്ടാകുമെന്നിരിക്കേ വിവിധ ക്ലേശ ഘടകങ്ങൾക്ക് മാർക്കിട്ടാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.

മേൽക്കൂര നിർമാണം, ശൗചാലയനിർമാണം, അടുക്കള നവീകരണം, ഭിത്തികൾ ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, തറയിടൽ, സമ്പൂർണ പ്ലാസ്റ്ററിങ്, ഇലക്‌ട്രിക്കൽ വയറിങ്, പ്ലംബിങ് എന്നീ നിർമാണഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള രണ്ടുലക്ഷം രൂപയിൽ ഒന്നാംഗഡു 50,000 രൂപയും രണ്ടാം ഗഡു ഒരു ലക്ഷവും മൂന്നാംഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നൽകുക.

ഒരുലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വരുമാനപരിധി. സർക്കാർ സഹായധനത്തിൽ വീട് നിർമിച്ചവരാണെങ്കിൽ അവസാന ഗഡു കൈപ്പറ്റിയത് 2010 ഏപ്രിൽ ഒന്നിനുശേഷമായിരിക്കണം.

വീടിന്റെ മേൽക്കൂര പൂർത്തിയാകാത്തതിനാൽ നാലാംഗഡു കിട്ടാത്തവർക്ക് കോൺക്രീറ്റ് ചെയ്യാൻ തുക അനുവദിക്കും. തുടർന്ന് നാലാംഗഡു കിട്ടുന്നതോടെ പ്രവൃത്തികൾ പൂർത്തിയാക്കണം. ഡിസംബറോടുകൂടി ആദ്യഗഡു വിതരണംചെയ്യും. 2023 മാർച്ച് പകുതിയോടെ പദ്ധതിയുടെ ആനുകൂല്യം പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

Share to

Leave a Reply

Your email address will not be published. Required fields are marked *