
Perinthalmanna Radio
Date: 15-12-2025
പെരിന്തൽമണ്ണ: നഗരസഭയിലെ പല വാർഡുകളിലും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടത് വളരെ ചുരുങ്ങിയ വോട്ടുകൾക്ക്.
ആകെയുള്ള 37 സീറ്റുകളിൽ 21 സീറ്റുകൾ നേടിയ യുഡിഎഫ് നഗരസഭയിൽ എൽഡിഎഫിനേക്കാൾ കൂടുതലായി നേടിയത് 2409 വോട്ടുകളാണ്. നഗരസഭയിൽ യുഡിഎഫ് 17,950 വോട്ടും എൽഡിഎഫ് 15,541 വോട്ടുകളുമാണ് നേടിയത്. എൻഡിഎ 579 വോട്ടുകൾ നേടി. എൻഡിഎക്ക് പ്രതീക്ഷിച്ച അധിക വോട്ടുകൾ നേടാനായില്ല. നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് 15–ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ പച്ചീരി സുരയ്യയാണ്. എൽഡിഎഫിലെ പി.ഹബീബയെ 527 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ തോൽപിച്ചത്.
നഗരസഭയിലെ ആകെയുള്ള 46,139 വോട്ടർമാരിൽ 11,879 പേർ ഇത്തവണ വോട്ടു ചെയ്തില്ല. 34,260 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
നഗരസഭയിലെ ചില വാർഡുകളിൽ വലിയ തോതിൽ ആളുകൾ പോളിങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ 74.25 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 78.64 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. 37–ാം വാർഡ് ലെമൺവാലിയിൽ സിപിഎം സ്ഥാനാർഥി സജിത വിനോദ് ഒരു വോട്ടിനാണ് യുഡിഎഫിലെ സബിത സുധീഷിനോട് പരാചയപ്പെട്ടത്.
നിലവിലെ നഗരസഭാ സ്ഥിരസമിതി അധ്യക്ഷനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നയാളുമായ കെ.ഉണ്ണിക്കൃഷ്ണൻ 14–ാം വാർഡ് കുട്ടിപ്പാറയിൽ യുഡിഎഫിലെ പച്ചീരി സുബൈറിനോട് 7 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആറാം വാർഡ് കുളിർമലയിലെ മത്സരം ഏറെ ശ്രദ്ധാകേന്ദ്രമായിരുന്നു.
സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയ ഡോ.നിലാർ മുഹമ്മദിന് പിന്തുണ നൽകി സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച എൽഡിഫ് ഇവിടെയും പരാജയത്തിന്റെ രുചിയറിഞ്ഞു. 73 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫിലെ പ്രഫ.നാലകത്ത് ബഷീർ വിജയിച്ചത്. 13–ാം വാർഡ് പഞ്ചമ 23–ാം വാർഡിൽ സി.ശ്രീമായയുടെ പരാജയം 53 വോട്ടുകൾക്കാണ്. ഇവിടെ വിജയിച്ചത് യുഡിഎഫിലെ തോട്ടശ്ശേരി കദീജയാണ്.
25–ാം വാർഡിൽ യുഡിഎഫിലെ ,സുമയ്യ കളപ്പറമ്പിൽ വിജയിച്ചത് 26 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഇവിടെ എൽഡിഎഫിലെ പി.സീനത്തിനെയാണ് തോൽപ്പിച്ചത്. തോട്ടക്കര 34–ാം വാർഡിൽ എൽഡിഎഫിലെ ഷൈനി ഷിബു, യുഡിഎഫിലെ നിഷ സുബൈറിനോട് പരാജയപ്പെട്ടത് 53 വോട്ടുകൾക്കാണ്. നഗരസഭയിലെ പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
