
Perinthalmanna Radio
Date: 16-12-2025
പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണൂർ പാതയിലെ മെമു സർവീസിനു രാത്രിയിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിലും പുലർച്ചെ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള യാത്രയിലും തുവ്വൂരിൽ സ്റ്റോപ് അനുവദിച്ചു. നാളെ മുതൽ മെമു സർവീസ് ഇവിടെ നിർത്തി തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പുകൾ അനുവദിക്കുന്നത്.
തുവ്വൂരിൽ നിന്നുള്ള യാത്രക്കാർക്കു മെമു സർവീസിൽ കയറിപ്പറ്റാൻ രാത്രിയിൽ മേലാറ്റൂരിലോ വാണിയമ്പലത്തോ എത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. മാത്രമല്ല രാത്രിയിൽ ഈ ട്രെയിനിൽ എത്തുന്ന തുവ്വൂരുകാർ ഇവിടങ്ങളിൽ ഇറങ്ങി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. മെമു സർവീസ് ആരംഭിച്ചതു മുതലുള്ള ആവശ്യമായിരുന്നു തുവ്വൂരിലെ സ്റ്റോപ്.
കഴിഞ്ഞ ദിവസം, ഷൊർണൂർ–നിലമ്പൂർ യാത്രയിൽ തുവ്വൂരിൽ സ്റ്റോപ് അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.പുതിയ ഉത്തരവ് പ്രകാരം പുലർച്ചെ നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുള്ള യാത്രയിലും സ്റ്റോപ്പായി.
8.35ന് ഷൊർണൂരിൽ നിന്ന് ആരംഭിക്കുന്ന മെമു സർവീസ് 8.49ന് വല്ലപ്പുഴ, 8.54ന് കുലുക്കല്ലൂർ, 9.01ന് ചെറുകര, 9.10ന് അങ്ങാടിപ്പുറം, 9.17ന് പട്ടിക്കാട്, 9.18ന് മേലാറ്റൂർ, 9.24ന് തുവ്വൂർ, 9.42ന് വാണിയമ്പലം തുടർന്ന് 10.05ന് നിലമ്പൂരിലെത്തും.
നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് പുലർച്ചെ 3.10ന് നിലമ്പൂരിൽനിന്ന് പുറപ്പെടും. പിന്നീട് 3.22ന് വാണിയമ്പലം, 3.30ന് തുവ്വൂർ, 3.47ന് അങ്ങാടിപ്പുറം, 4.20ന് ഷൊർണൂരിലെത്തും.
നിലമ്പൂർ–ഷൊർണൂർ മെമു സർവീസിന് പാതയിലെ ഹാൾട്ട് സ്റ്റേഷനുകളിൽ തുവ്വൂരിൽ മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളതെന്നത് തുവ്വൂരിനുള്ള പ്രത്യേക അംഗീകാരമായി. ആരംഭിച്ച് അധികമായില്ലെങ്കിലും മെമു സർവീസിൽ വലിയ തോതിൽ യാത്രക്കാരുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
