
Perinthalmanna Radio
Date: 17-12-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപൂർവം ‘പൂരം കുറിക്കൽ’ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചടങ്ങ് നടത്തിവരുന്നത്.
രാത്രി സന്ധ്യാവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ പൂജയ്ക്കുശേഷം തിരുമുറ്റത്തുനടന്ന ചടങ്ങിൽ കാവുടയനായർ വി. ബാലചന്ദ്രൻ, തന്ത്രി, ട്രസ്റ്റി പ്രതിനിധി, ക്ഷേത്രം ഭാരവാഹികൾ, ഭക്തർ എന്നിവർക്ക് അഭിമുഖമായിനിന്ന് ‘പൂരം കുറിക്കുകയല്ലേ’ എന്ന് മൂന്നാവർത്തി ചോദിച്ചശേഷം നിലവിളക്ക് തെളിച്ചു. ട്രസ്റ്റി പ്രതിനിധി കുറിക്കാമെന്ന് മറുപടി നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്.
തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ചന്ദ്രരാജശേഖരവർമ രാജ, പ്രകാശൻ തമ്പുരാൻ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ പങ്കെടുത്തു. മീനമാസത്തിലെ മകീര്യം നക്ഷത്രത്തിനാണ് വള്ളുവനാടിന്റെ മഹോത്സവമായ തിരുമാന്ധാംകുന്നിലമ്മയുടെ പൂരംപുറപ്പാട്. മാർച്ച് 25-നാണ് പൂരംപുറപ്പാട്. ഏപ്രിൽ നാലിന് 11-ാം പൂരത്തിന് സമാപനം.
സന്ധ്യാവേല പാട്ടിനോടനുബന്ധിച്ച് ബ്രാഹ്മണസമൂഹം ശ്രീമൂലസ്ഥാനം തിരുമുറ്റത്ത് കോലമൊരുക്കി കാർത്തികദീപം തെളിച്ചിരുന്നു. പടഹാദി, ധ്വജാദി എന്നീ പൂരച്ചടങ്ങുകളും അങ്കുരാദി എന്ന ഉത്സവച്ചടങ്ങും സമ്പൂർണമാകുന്ന അത്യപൂർവ ക്ഷേത്രോത്സവമാണ് തിരുമാന്ധാംകുന്നിലമ്മയുടെ പൂരം.
പൂരത്തിനു മുന്നോടിയായി ഒരാഴ്ചനീളുന്ന ദ്രവ്യകലശമുണ്ട്. ആറാട്ടെഴുന്നള്ളിപ്പും വാദ്യഘോഷങ്ങളും അനുഷ്ഠാന കലാവതരണവും സംഗീത-നൃത്ത വിരുന്നുമായി 11 ദിവസം ആഘോഷത്തിമർപ്പിൽ ആറാടിക്കുന്ന തിരുമാന്ധാംകുന്ന് പൂരം വള്ളുവനാട്ടിലെ മറ്റു ക്ഷേത്രാത്സവങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
