
Perinthalmanna Radio
Date: 17-12-2025
മൂന്നാർ: തണുപ്പ് ആസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട് തുടർച്ചയായി പെയ്ത മഴയാണ് മേഖലയ്ക്ക് തിരിച്ചടിയായത്. എന്നാൽ, മാനംതെളിഞ്ഞതോടെ വിനോദസഞ്ചാരികളുടെ വരവുവർധിച്ചു. ശിശിരത്തിലെ തണുപ്പാസ്വദിക്കുന്നതിനാണ് ഇപ്പോൾ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്.
പ്രദേശത്തെ കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ ലക്ഷ്മി എസ്റ്റേറ്റിൽ രേഖപ്പെടുത്തി. ചൊവ്വാഴ്ച നാല് ഡിഗ്രിയാണ്. ചെണ്ടുവര, ദേവികുളം എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രിയും സെവൻമലയിൽ 6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ നല്ലതണ്ണി, തെന്മല, ചെണ്ടുവര, എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
തണുപ്പ് വർദ്ധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളി രൂപപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വരും ദിവസങ്ങളിൽ മേഖല അതിശൈത്യത്തിന്റെ പിടിയിലാകുമെന്നാണ് കരുതുന്നത്. പൂജ്യം ഡിഗ്രിയിൽ താഴെ എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്.
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
