കരിപ്പൂരിലെ റെസ നിര്‍മാണം; പൂര്‍ത്തിയായത് 29 ശതമാനം മാത്രം

Share to


Perinthalmanna Radio
Date: 18-12-2025

കോഴിക്കോട് വിമാനത്താവളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെസ (റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണം ഒരുവര്‍ഷത്തിനിടെ പൂര്‍ത്തിയായത് 29 ശതമാനം മാത്രം. റണ്‍വേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസയുടെ നീളം 150 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇഴയുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനമാണ് റെസ നിര്‍മാണത്തിന് മണ്ണിട്ടുയര്‍ത്താന്‍ തുടങ്ങിയത്. രാജസ്ഥാനിലെ ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്ക് 2023 ഡിസംബര്‍ 18-ന് റെസ നിര്‍മാണത്തിന് കരാര്‍ ലഭിച്ചിരുന്നു. 19 മാസമാണ് സമയം അനുവദിച്ചത്.

സാങ്കേതിക കുരുക്കില്‍പ്പെട്ട് 11 മാസത്തോളം വൈകിയാണ് പണി തുടങ്ങിയത്. റണ്‍വേയുടെ നിരപ്പില്‍ മണ്ണിട്ടുയര്‍ത്തുന്നതിന് 35 ലക്ഷം ഘനമീറ്റര്‍ മണ്ണ് ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് അധികം അകലെയല്ലാതെ മണ്ണു ലഭ്യമാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും ഖനനാനുമതി നേടിയെടുക്കുന്നതില്‍ കാലതാമസം നേരിട്ടു. ഇതോടെയാണ് തുടക്കത്തില്‍ത്തന്നെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്.

കരാര്‍പ്രകാരം ഡിസംബര്‍ 31-ന് റെസ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. പ്രവൃത്തി തുടങ്ങാന്‍ വൈകുകയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്തതോടെ കരാര്‍കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതുപ്രകാരം അടുത്ത മാര്‍ച്ച് 26-ലേക്ക് നീട്ടിനല്‍കിയിട്ടുണ്ട്.

മഴക്കാലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് മുന്‍നിര്‍ത്തി മൂന്നു മാസം അധികസമയം അനുവദിച്ചാണ് 19 മാസം കരാര്‍ കമ്പനിക്ക് അനുവദിച്ചത്. നിര്‍മാണസമയത്തിനുള്ളില്‍ ഒരു മഴക്കാലമാണ് കണക്കാക്കിയിരിക്കുന്നത്.

റെസ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് സാധ്യമാകൂ. 2020-ല്‍ വിമാനദുരന്തത്തെത്തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പിന്‍വലിച്ചത്. കരിപ്പൂരില്‍നിന്ന് കൂടുതല്‍ സര്‍വീസ് നടത്താന്‍ പ്രമുഖ വിദേശവിമാനക്കമ്പനികളടക്കം താത്പര്യപ്പെടുമ്പോഴാണ് റെസ നിര്‍മാണം മന്ദഗതിയില്‍ തുടരുന്നത്.

———————————————
*®Perinthalmanna Radio

Share to

Leave a Reply

Your email address will not be published. Required fields are marked *