
Perinthalmanna Radio
Date: 07-11-2022
അങ്ങാടിപ്പുറം: ഗുഡ്സ് ട്രെയിൻ വഴിയിൽ കുടുങ്ങിയതു മൂലം ഷൊർണൂർ- നിലമ്പൂർ റയിൽവേ പാതയിൽ ട്രെയിനുകൾ മണിക്കുറുകളോളം വൈകി. ആയിര കണക്കിന് യാത്രക്കാർ ദുരിതത്തിലായി. മധ്യ പ്രദേശിൽ നിന്ന് അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ഗോതമ്പുമായി എത്തിയ ഗുഡ്സ് ട്രെയിൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ ചെറുകരയിലാണ് പാളത്തിൽ കുടുങ്ങിയത്. ചെറിയ കയറ്റത്തോടു കൂടിയ ഈ ഭാഗത്ത് മുൻപും മുന്നോട്ടു പോകാനാകാതെ ട്രെയിനുകൾ കുടുങ്ങിയിട്ടുണ്ട്. ഈ സമയം കോട്ടയം ട്രെയിൻ അങ്ങാടിപ്പുറത്ത് എത്തിയിരുന്നു. കോട്ടയം ട്രെയിനിന്റെ എൻജിൻ എത്തിച്ചാണ് ആറു മണിയോടെ ഗുഡ്സ് ട്രെയിൻ ഇവിടെ നിന്ന് അങ്ങാടിപ്പുറത്ത് എത്തിച്ചത്.
അതിനു ശേഷമാണ്. രണ്ടു മണിക്കൂറിലേറെ വൈകി കോട്ടയം ട്രെയിൻ ഇവിടെ നിന്ന് യാത്ര തുടരാനായത്. പാളത്തിലെ തടസ്സം മൂലം 4.55 ന് അങ്ങാടിപ്പുറത്ത് എത്തുന്ന പാലക്കാട് ട്രെയിനും പിടിച്ച് ഇടുകയായിരുന്നു. പിന്നീട് ഏഴോടെയാണ് ട്രെയിൻ കടന്നു പോയത്. ഷൊർണൂരിൽ നിന്ന് വിവിധ കണക്ഷൻ ട്രെയിനുകളെ ആശ്രയിക്കുന്ന ഒട്ടേറെ യാതക്കാർ ഇതുമൂലം പ്രതിസന്ധിയി ലായി. പാതയിലെ വൈദ്യുതീകരണം പൂർത്തിയാകാത്തത് ഇത്തരം ഘട്ടങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് ക്രോസിങ്ങ് സ്റ്റേഷനുകളുടെ അഭാവവും പാളത്തിലെ തടസ്സങ്ങളിൽ ഈ പാതയെ പൂർണമായി പ്രയാസപ്പെടുത്തുന്നു. കൃത്യമായ ഷെഡ്യൂൾ ഇല്ലാതെ ഗുഡ്സ് ട്രെയിനുകൾ സർവീസ് നടത്തുന്നതും പലപ്പോഴും പ്രതിസന്ധിയാണ്.
