
Perinthalmanna Radio
Date: 25-12-2025
മേലാറ്റൂർ : നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ റെയിൽവേ ഗേറ്റിന് ഇരുവശത്തെയും റോഡിലെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് ആശ്വാസം. റോഡിലെ കുഴികളടയ്ക്കുകയും ടാർചെയ്തു നവീകരിക്കുകയും ചെയ്തതോടെയാണ് യാത്രാദുരിതത്തിനു പരിഹാരമായത്.
റെയിൽവേ ഗേറ്റിന് ഇരുവശത്തും 300 മീറ്ററോളം ദൂരം റോഡ് തകർന്നു വലിയ ഗർത്തങ്ങൾ രൂപപ്പെട്ട അവസ്ഥയിലായിരുന്നു. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.
രോഗികളുമായി എത്തുന്ന ആംബുലൻസുകളും വലിയ പ്രയാസത്തിലായിരുന്നു. മഴപെയ്താൽ വെള്ളക്കെട്ടും വെയിലായാൽ പൊടിശല്യവും രൂക്ഷമായ പ്രദേശത്ത് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ, അതെല്ലാം ദിവസങ്ങൾക്കകം പൊട്ടിപ്പൊളിയുന്ന സാഹചര്യമായിരുന്നു.
രൂക്ഷമായ പൊടിശല്യം കാൽനടക്കാർക്കും സമീപത്തെ വ്യാപാരികൾക്കുമുൾപ്പെടെ വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ഇതു വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
ഷൊർണൂർ-നിലമ്പൂർ പാതയിൽ തീവണ്ടി കടന്നുപോകുന്നതിനായി 15 തവണ ഗേറ്റ് അടച്ച് തുറക്കേണ്ടതുണ്ട്. ആ സമയങ്ങളിൽ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്.
റോഡിലുണ്ടായിരുന്ന വലിയ കുഴികൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റോഡിലെ കുഴികൾ അടച്ചത്. രണ്ടുദിവസംമുൻപ് ടാറിങ്ങും നടത്തി ഗതാഗതം സുഗമമാക്കി.
വാർഷങ്ങളായി തങ്ങളനുഭവിച്ചിരുന്ന യാത്രാദുരിതത്തിനും പൊടിശല്യത്തിനുമെല്ലാം പരിഹാരമായിതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ യാത്രക്കാരും സമീപത്തെ വ്യാപാരികളുമെല്ലാം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
