പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനെ നയിക്കാന്‍ നജ്മ തബ്ഷീറ

Share to


Perinthalmanna Radio
Date: 28-12-2025
പെരിന്തൽമണ്ണ: യുഡിഎഫിന് തുടർഭരണം ലഭിച്ച പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന് ഇനി യുവ നേതൃത്വം. അധ്യക്ഷയായി 19–ാം വാർഡ് വലമ്പൂർ ഡിവിഷനിൽ നിന്ന് വിജയിച്ച നജ്‌മ തബ്‌ഷീറയും (30) വൈസ് പ്രസിഡന്റായി 9–ാം വാർഡ് ആനമങ്ങാട് ഡിവിഷനിൽ നിന്ന് വിജയിച്ച സി.കെ. ഹാരിസും (41) സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 അംഗങ്ങളിൽ നജ്‌മ തബ്‌ഷീറയ്‌ക്ക് 17 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി അങ്ങാടിപ്പുറം ഡിവിഷനിൽ നിന്ന് വിജയിച്ച ധന്യ തോട്ടത്തിലിന് 2 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് സ്ഥാനാർഥിയില്ലെന്ന് അറിയിച്ചതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പില്ലാതെയാണ് സി.കെ. ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷയായിരുന്ന നജ്‌മ തബ്ഷീറ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകയുമാണ്. ബ്ലോക്ക് വരണാധികാരിയും സഹകരണ സംഘം ജോ. രജിസ്‌ട്രാറുമായ സുരേന്ദ്രൻ ചേമ്പ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് നടപടികൾ ബ്ലോക്ക് പഞ്ചായത്ത് ഉപവരണാധികാരിയും സെക്രട്ടറിയുമായ എസ്. രാജേഷ് കുമാർ നിയന്ത്രിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന. സെക്രട്ടറി കൂടിയായും നിലവിൽ ഡിസിസി ജന. സെക്രട്ടറിയുമായാണ് സി.കെ. ഹാരിസ്.
ഇരുവരെയും അഭിനന്ദിക്കാൻ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. മുസ്‌തഫ, പി.കെ. അബൂബക്കർ ഹാജി, കുന്നത്ത് മുഹമ്മദ്, കെപിസിസി ജന. സെക്രട്ടറി വി. ബാബുരാജ്, നഗരസഭാ ഉപാധ്യക്ഷൻ എം.ബി. ഫസൽ മുഹമ്മദ്, മുൻ ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ ഹമീദ് പട്ടിക്കാട്, യുഡിഎഫ് നേതാക്കളായ ടി.കെ. രാജേന്ദ്രൻ, താമരത്ത് ഉസ്‌മാൻ, കൊളക്കാടൻ അസീസ്, പച്ചീരി ഫാറൂഖ്, അരഞ്ഞിക്കൽ ആനന്ദൻ തുടങ്ങിയവരും എത്തിയിരുന്നു. നജ്‌മ തബ്‌ഷീറയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ അബുദാബി കെഎംസിസി ജന. സെക്രട്ടറിയായ പിതാവ് ഹിദായക്കും എത്തിയിരുന്നു. നജ്‌മ തബ്‌ഷീറയുടെ ഭർത്താവ് പി.എ. നിഷാദിന്റെ സഹോദരി ഹസ്‌നയുടെ വിവാഹമായിരുന്നു ഇന്നലെ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ബ്ലോക്ക് അംഗങ്ങൾ ഉൾപ്പെടെ നജ്‌മ തബ്‌ഷീറയും നേതാക്കളും വിവാഹ വേദിയിലേക്കാണ് പോയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
#PerinthalmannaTown #PerinthalmannaNews #perinthalmannamuncipality #PerinthalmannaRadio #perinthalmannablockpanchayath

Share to

Leave a Reply

Your email address will not be published. Required fields are marked *