
Perinthalmanna Radio
Date: 30-12-2025
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് പ്രതി കുതിരവട്ടത്തുനിന്ന് രക്ഷപ്പെടുന്നത്.
രണ്ടാഴ്ച മുൻപാണ് വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ഒൻപതുമണി വരെ പ്രതി മുറിയിലുണ്ടായിരുന്നതായാണ് വിവരം. ഓരോ മണിക്കൂറിലും ഇവിടെ പതിവ് പരിശോധനയുള്ളതാണ്. എന്നാൽ, 11 മണിക്ക് പരിശോധനക്കായി എത്തിയപ്പോഴാണ് വിനീഷ് ചാടിപ്പോയതായി കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങളക്കം കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.
2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്.
റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2022 ൽ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 2022-ലും പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവമുണ്ടായി.
കഴിഞ്ഞ പത്താം തീയതിയാണ് വിനീഷിനെ വീണ്ടും കുതിരവട്ടത്ത് എത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
