
Perinthalmanna Radio
Date: 31-12-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സംഭവത്തിന് ശേഷം ഭീതിയോടെ കഴി യുകയാണ് കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബം. ദൃശ്യയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് പ്രതി മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതിനാൽ ഇയാൾ രക്ഷപ്പെട്ടത് അറിഞ്ഞതോടെ വലിയ ഭീതിയിലാണ് കുടുംബം. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുന്നത്.
പ്രണയാഭ്യർഥന നിരസിച്ചതിന് 2021 ജൂൺ 17-ന് രാവിലെയാണ് പെരിന്തൽമണ്ണ കുഴന്തറ ചെമ്മാട്ടുവീട്ടിൽ ദൃശ്യ(21) യെ വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തിയത്. തലേന്ന് രാത്രി ദൃശ്യയുടെ പിതാവിൻ്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീയിട്ട് ശ്രദ്ധ തിരിച്ച ശേഷം പിറ്റേന്ന് രാവിലെ ഏലംകുളത്തെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
വിനീഷ് നല്ല ബുദ്ധിയുള്ള ക്രിമിനലാണെന്നും മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മുൻപും രക്ഷപ്പെട്ടിട്ടുള്ള പ്രതി രക്ഷപ്പെടാൻ വേണ്ടി മാനസിക രോഗിയായി അഭിനയിക്കുന്നത് ആകുമെന്നും ദൃശ്യയുടെ അമ്മ ദീപ പറഞ്ഞു. ഇയാളെ എത്രയും വേഗം പിടികൂടണമെന്നും അവരാവശ്യപ്പെട്ടു. പ്രതി രക്ഷപ്പെട്ടതോടെ പെരിന്തൽമണ്ണയിലെ ഇവരുടെ കടയ്ക്കും താമസിക്കുന്ന വീടിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
‘ഞാനും ഇളയമകളും ഒറ്റയ്ക്കാണിപ്പോൾ. ഓരോ നിമിഷവും ഭീതിയിലാണ്. പ്രതിയെ പിടികൂടാതെ എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയും’- അമ്മ ചോദിക്കുന്നു. കഴിഞ്ഞ മാസമാണ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രൻ അസുഖത്തെ തുടർന്ന് മരിച്ചത്. ദൃശ്യയുടെ അമ്മ ദീപയും ഇളയ സഹോദരി ദേവശ്രീയും ഇപ്പോൾ ദീപയുടെ വീട്ടിലാണ് കഴിയുന്നത്. വിനീഷിൻ്റെ അന്നത്തെ ആക്രമണത്തിൽ ദേവശ്രീക്കും പരിക്കേറ്റിരുന്നു. ഇളയമകൾ അന്നത്തെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുക ആയിരുന്നുവെന്നും ദീപ പറയുന്നു.
പ്രതിക്കായി വ്യാപകമായ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. കൊലക്കേസിൽ റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 2022-ൽ വിനീഷിനെ കുതിരവട്ടം മാനസികാ ആരോഗ്യ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 2022-ലും പ്രതി കുതിരവട്ടത്ത് നിന്ന് ചാടി പോയെങ്കിലും പിന്നീട് പോലീസിൻ്റെ പിടിയിലായി. ഇതിനിടെ കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി.
………………………………………..
www.perinthalmannaradio.com
