മോട്ടോര്‍ വാഹന വകുപ്പ്‌ ഉണര്‍ന്നതോടെ നിരത്തില്‍ അനിഷ്‌ടങ്ങളില്ലാതെ പുതുവത്സരാഘോഷം

Share to


Perinthalmanna Radio
Date: 02-01-2026

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന്‌ ജില്ലയിലെ നിരത്തുകളില്‍ കാര്യമായ അനിഷ്‌ടങ്ങളില്ലാതെ പുതുവത്സരാഘോഷം കടന്നുപോയത്‌ ആശ്വാസകരമായി.

ജില്ലാ ആര്‍.ടി.ഒ. ബി. ഷഫീക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പുതുവത്സര ദിനത്തില്‍ ശക്‌തമായ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്‌ രംഗത്തുണ്ടായിരുന്നു. മലപ്പുറം ആര്‍.ടി. ഓഫീസ്‌, നിലമ്ബൂര്‍ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി സബ്‌ ആര്‍.ടി. ഓഫീസ്‌, എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ദേശീയ സംസ്‌ഥാനപാതകള്‍ക്ക്‌ പുറമെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചും വിനോദ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചും വൈകിട്ട്‌ മൂന്ന്‌ മുതല്‍ പുലര്‍ച്ചെ മൂന്ന്‌ വരെ പരിശോധനയും പെട്രോളിങ്ങുമായും ഉദ്യോഗസ്‌ഥര്‍ കര്‍മ്മസജ്‌ജരായി രംഗത്തുണ്ടായിരുന്നു. രണ്ടുദിവസം മുന്‍പ്‌ തന്നെ മോട്ടോര്‍ വാഹന വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയതിനാല്‍ അഭ്യാസപ്രകടനങ്ങളുമായി റോഡില്‍ ഇറങ്ങാം എന്ന്‌ കരുതിയിരുന്നവരെല്ലാം ഒന്ന്‌ ഒതുങ്ങി.
മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകളെ കയറ്റല്‍, സിഗ്നല്‍ ലംഘനം, രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, അമിത ശബ്‌ദമുണ്ടാക്കുന്ന സൈലന്‍സര്‍ മാറ്റിയ വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റുള്ളവരുടെ ഡ്രൈവിങ്ങിന്‌ ബാധിക്കുന്ന രീതിയിലുള്ള വിവിധ വര്‍ണ്ണ ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മുതലായവയുമായി റോഡില്‍ ഇറങ്ങുന്ന വരെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും പരിശോധന നടത്തിയത്‌.
പരിശോധനയില്‍ 201 കേസുകളിലായി 414750 രൂപ പിഴ ചുമത്തി. രണ്ട്‌ കേസുകള്‍ കോടതിയിലേക്ക്‌ കൈമാറി. പുതുവത്സര രാത്രിയില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ തീവ്ര ലൈറ്റുകളുടെ അപകട സാധ്യതയെ കുറിച്ച്‌ ബോധവല്‍ക്കരണവും നല്‍കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *