
Perinthalmanna Radio
Date: 04-01-2026
പെരിന്തല്‍മണ്ണ: ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റിന് ദുരന്ത മുഖങ്ങളിലേക്ക് വേഗമെത്താൻ സ്വന്തമായൊരു വാഹനമായി. ബിബിസി ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നാലകത്ത് ഫൈസലാണ് വാഹനം നല്‍കിയത്. അപകട ദുരന്ത മേഖലകളിലും സർപ്പ റെസ്ക്യൂ മേഖലയിലും മലപ്പുറം ജില്ലയിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള സന്നദ്ധ സംഘടനയാണ് ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ്. പ്രകൃതിദുരന്തങ്ങള്‍, പുഴയിലും മറ്റും കാണാതായവർക്കുള്ള തെരച്ചില്‍, തീപിടിത്തം, വാഹനാപകടം തുടങ്ങിയ സംഭവങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചിട്ടുള്ള 60ലധികം പ്രവർത്തകരുള്ള ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റിന് വാഹനസൗകര്യത്തിന്റെ അപര്യാപ്തത പലപ്പോഴും തടസം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ചാരിറ്റി പ്രവർത്തകനുമായ ഫൈസല്‍ വാഹനം നല്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. ട്രോമാ കെയറിന്റെ സേവനം നേരിട്ട് മനസിലാക്കിയ വ്യക്തി കൂടിയാണ് ഫൈസല്‍.
ബിബിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്ക് വാഹനം കൈമാറി. പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ, പെരിന്തല്‍മണ്ണ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ഷെമീർ, ഡോ. നിളാർ മുഹമ്മദ്, ഡോ. ഫഹദ്, പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ, ബിബിസി സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
