
Perinthalmanna Radio
Date: 04-01-2026
സംസ്ഥാനത്തു മുൻഗണനേതര വിഭാഗത്തിലെ വെള്ള (എൻപിഎൻഎസ്), നീല (എൻപിഎസ്) കാർഡ് ഉടമകൾക്കു ജനുവരിയിൽ റേഷൻ അധിക വിഹിതം ലഭിക്കില്ല. വെള്ള കാർഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടിച്ചേർത്ത് 10 കിലോഗ്രാം അരി നൽകിയിരുന്നു. ഇത്തവണ രണ്ടു കിലോഗ്രാം അരി മാത്രമാണു ലഭിക്കുക. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരി ജനുവരിയിൽ ലഭിക്കും. കഴിഞ്ഞ മാസം ഇതിനുപുറമെ അധിക വിഹിതമായി 5 കിലോഗ്രാം അരി കൂടി അനുവദിച്ചിരുന്നു.
ഓണക്കാലത്തു പോലും അനുവദിക്കാത്ത അധികവിഹിതം ഡിസംബറിൽ അനുവദിച്ചതു തദ്ദേശ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ജനുവരിയിൽ അധിക വിഹിതം ഒഴിവാക്കിയതോടെ തിരഞ്ഞെടുപ്പു കാലത്തു മാത്രം അധിക അരി അനുവദിച്ചെന്ന ആരോപണം വീണ്ടും ഉയരുന്നുണ്ട്. വെള്ള, നീല കാർഡുകാർക്ക് അധിക അരി ഇല്ലാതാകുന്നതോടെ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നും വേതനം കുറയുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
മഞ്ഞ (എഎവൈ) കാർഡിന് 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ഒരു കിലോഗ്രാം പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. പിങ്ക് (പിഎച്ച്എച്ച്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
