താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 05-01-2026

താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ മാറ്റുന്ന പ്രവൃത്തിയുടെ പുനരാരംഭവും ചുരത്തിലെ തകർന്ന റോഡ് ഭാഗങ്ങളിലെ അറ്റകുറ്റപ്രവൃത്തിയും തിങ്കളാഴ്ചമുതൽ നടക്കും. പകൽസമയങ്ങളിൽ മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറികളിലേക്ക് കയറ്റുന്നതിനാലും, റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാലും തിങ്കളാഴ്ചമുതൽ പൊതുമരാമത്തുവകുപ്പ് എൻഎച്ച് വിഭാഗം ചുരത്തിൽ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവൃത്തിക്കിടെയുണ്ടാവാൻ ഇടയുള്ള കുരുക്ക് പരിഗണിച്ച് ഗതാഗതപുനഃക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻ.എച്ച് വിഭാഗം അധികൃതർ താമരശ്ശേരി ഡിവൈഎസ്പിക്ക് കഴിഞ്ഞയാഴ്ച കത്ത് നൽകിയിരുന്നു.

മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പകൽ തിരിച്ചുവിടണമെന്നാണ് നിർദേശം. ചുരത്തിലെ പ്രവൃത്തി നല്ലനിലയ്ക്ക് പൂർത്തീകരിക്കാനും യാത്രക്കാർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനുമായി യാത്രാവാഹനങ്ങൾ രാവിലെ എട്ടുമണിക്ക് മുൻപും വൈകുന്നേരം ആറുമണിക്കുശേഷവുമായി യാത്ര ക്രമീകരിക്കണമെന്നും പിഡബ്ല്യുഡി എൻ.എച്ച് വിഭാഗം അധികൃതർ നിർദേശിച്ചു.

രണ്ട് പ്രവൃത്തികളുടെയും പൂർത്തീകരണത്തിന് സാധാരണഗതിയിൽ നാലോ, അഞ്ചോ ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് പിഡബ്ല്യു ദേശീയപാതാ ഉപവിഭാഗം കൊടുവള്ളി അസി.എൻജിനിയർ എം. സലീം അറിയിച്ചു.

അതേസമയം, ക്രിസ്മസ് അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക്, പകൽസമയനിയന്ത്രണം തെറ്റിച്ചെത്തിയ മൾട്ടി ആക്‌സിൽ ഭാരവാഹനങ്ങൾ, വരിതെറ്റിച്ച് മുന്നിൽ കടന്നുപോയ വാഹനങ്ങൾ എന്നിവ കാരണം ഞായറാഴ്ചയും യാത്രാദുരിതത്തിന് ശമനമുണ്ടായില്ല. വാഹനബാഹുല്യം കാരണം ശനിയാഴ്ച അർധരാത്രിക്കും ഞായറാഴ്ച പകലിനും ഇടയിൽ താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *