
Perinthalmanna Radio
Date: 05-01-2026
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ ആഴ്ച നടക്കാന്‍ സാധ്യത. മാര്‍ച്ച് മാസം തുടക്കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു.
SIR ഏറ്റവും പ്രധാന അവസാനഘട്ടത്തിലേക്ക് കടക്കുകയും സംസ്ഥാനത്ത് ഏകദേശം 35 ലക്ഷം വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയിലുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പിന്‍റ ആരവം ഉയരുന്നത്.
മുന്നൊരുക്കങ്ങളുടെ രീതിവെച്ചു നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങിനെയെങ്കില്‍ ഏപ്രില്‍ ആദ്യ ആഴ്ച വോട്ടെടുപ്പ് ഉണ്ടാകും. മേയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈവോള്‍ട്ടേജ് പ്രവര്‍ത്തനങ്ങളിലേക്ക് ഈ ആഴ്ച മുതല്‍മാറും. എസ്.ഐ.ആറില്‍ പേരുകള്‍ ഒഴിവാകുന്നതിന് പരിഹാരം കാണുക, കഴിയുന്നത്ര പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക എന്നതിലാവും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 20 ന് തുടങ്ങുന്ന നിയമസഭയുടെ ബജ്റ്റ് സമ്മേളനത്തില്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളും പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണവും പ്രതീക്ഷിക്കാം. ഫെബ്രുവരി ആദ്യത്തോടെ വോട്ടോണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയാനാണ് സാധ്യത. സഭാ സമ്മേളനം അവസാനിക്കുന്നതോടെ നേതാക്കളുടെ കേരള യാത്രകളിലേക്കും സീറ്റ്– സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കും മുന്നണികള്‍ കടക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
