
Perinthalmanna Radio
Date: 07-01-2026
വളാഞ്ചേരി: പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു. പാലത്തിന്റെ വിള്ളൽ വീണ ഭാഗത്ത് കോൺക്രീറ്റ് പ്രവർത്തികളാണ് നടക്കുന്നത്. കൂടാതെ പാലത്തിനടിയിലെ രണ്ട് ബീമുകൾക്കിടയിൽ പുതിയ സ്ലാബ് നിർമ്മിക്കുന്ന പ്രവർത്തികളും നടക്കുന്നുണ്ട്. തിരൂർ പിഡബ്ല്യുഡി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ധീരജ് കുമാർ, ഓവർസിയർ സൗമ്യ, മഞ്ചേരി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.
പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. ഈ കഴിഞ്ഞ ഒക്ടോബർ 31-നാണ് പാലത്തിന് മുകളിൽ വിള്ളൽ വീണത്. തുടർന്ന് ഭാഗികമായുള്ള ഗതാഗത നിയന്ത്രണം പാലത്തിൽ ഏർപ്പെടുത്തിയിരുന്നു. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചരക്ക് വാഹനങ്ങൾക്ക് പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്. തുടർന്ന് സർക്കാർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരമായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു മാസത്തേക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് ലക്ഷ്യം എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ധീരജ് കുമാർ പറഞ്ഞു.
പാലത്തിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പാലത്തിനപ്പുറവും പട്ടാമ്പി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ തിരുവേഗപ്പുറയിലുമാണ് നിർത്തുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
