
Perinthalmanna Radio
Date: 08-01-2026
ആലിപ്പറമ്പ് : കാമ്പുറം മണ്ണാത്തിക്കടവ് പാലത്തിന്റെ ഉപരിതലത്തിൽ രൂപപ്പെട്ട വിടവ് ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും അപകട ഭീഷണി ആകുന്നു. പാലത്തിന്റെ ഇരു തൂണുകളെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ബീമുകൾക്ക് ഇടയിലെ ടാർ ചെയ്ത ഭാഗം അടർന്നു പോയി പാലത്തിന് കുറുകെ രൂപപ്പെട്ട ചാലാണ് അപകടഭീഷണി ആകുന്നത്.
പാലത്തിന്റെ മൂന്നിടത്ത് ഇത്തരത്തിൽ ടാർ ചെയ്ത ഭാഗം അടർന്നു പോയിട്ടുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ വിടവ് കണ്ട് പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നത് പിന്നിലെ വാഹനം വന്നിടിക്കാൻ ഇടയാക്കും. കരിക്കല്ലത്താണി- പൂവ്വത്താണി- കാമ്പുറം റോഡിനെ ചെർപ്പുള്ളശ്ശേരി- മുണ്ടൂർ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് മണ്ണാത്തിക്കടവ് പാലം.
തൂത- മുണ്ടൂർ റോഡ് നാലു വരിയായി നവീകരിച്ചതോടെ ആലിപ്പറമ്പ്, കാമ്പുരം ഭാഗത്തുനിന്ന് വെള്ളിയേഴി, മാങ്ങോട് വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏറെയാണ്. കരിക്കല്ലത്താണി- മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതിനേക്കാൾ മാങ്ങോട്-മുണ്ടൂർ വഴി പത്തു കിലോമീറ്റർ കുറവുണ്ട്.
റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ നിർമ്മിച്ച് ഇരു ഭാഗത്തേക്കും രണ്ടു വരിയായി വാഹന ഗതാഗതം ക്രമീകരിച്ചതിനാലും മണ്ണാർക്കാട് ടൗണിലെ ഗതാഗതക്കുരുക്കിൽ പെടാതെ പോകാൻ സാധിക്കുന്നത് കൊണ്ടും പാലക്കാട് ഭാഗത്തേക്ക് പോകുന്നവർ മാങ്ങോട്- മുണ്ടൂർ പാതയാണ് തിരഞ്ഞെടുക്കുന്നത്. പാലത്തിലെ അപകടം ഉണ്ടാക്കുന്ന വിടവ് നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
