പെരിന്തൽമണ്ണ ടൗൺ നവീകരണത്തിന് പ്രഥമ പരിഗണനയെന്ന് നഗരസഭാധ്യക്ഷ

Share to


Perinthalmanna Radio
Date: 08-01-2026

പെരിന്തൽമണ്ണ: ടൗൺ നവീകരണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് പെരിന്തൽമണ്ണ നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ്. പെരിന്തൽമണ്ണ നഗര വികസനവുമായി ബന്ധപ്പെട്ട് വായനക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ മറുപടി പറയുകയായിരുന്നു അധ്യക്ഷ.

നഗരത്തിൽ തകർന്നു കിടക്കുന്ന അഴുക്കുചാലുകൾ മണ്ണുനീക്കി സ്ലാബുകൾ നവീകരിച്ച് ഇന്റർലോക്ക് ചെയ്ത് നടപ്പാതകൾ ഒരുക്കും. നഗരസഭാ പരിധിയിലെ നിലവിലുള്ള റോഡുകളെല്ലാം ഒരു വർഷത്തിനകം അറ്റകുറ്റപ്പണി നടത്തി നവീകരിക്കും. നഗരസഭാ ഓഫിസ് ജനസൗഹൃദമാക്കും. നഗരസഭയ്‌ക്ക് നിലവിൽ കോടികളുടെ ബാധ്യതയുണ്ട്. ശമ്പളം നൽകാൻ പോലും പ്രയാസപ്പെടേണ്ട സാഹചര്യമാണ്. കരാറുകാർക്ക് മാത്രം 20 കോടി രൂപയോളം നൽകാനുണ്ട്. ഇവരിൽ വർഷങ്ങൾ പിന്നിട്ടവരും ഉണ്ട്. മാർക്കറ്റ് സമുച്ചയം ലേലം ചെയ്‌തെ‌ടുത്ത പ്രവാസികളുടെ വകയിൽ 22 കോടിയോളം രൂപ നൽകാണ്ട്. വിവിധ ധനകാര്യ മേഖലകളിൽനിന്ന് കോടികൾ കടമെടുത്തത് തിരിച്ചടയ്‌ക്കാനുണ്ട്. ഇവിടെ നിന്നാണു തുടങ്ങുന്നത്. പൊലീസ്–മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, മോട്ടർ തൊഴിലാളികൾ, യാത്രക്കാർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്ന് വിഷയങ്ങളുടെ പ്രാധാന്യത്തിന് അനുസരിച്ച് ടൗൺ നവീകരണത്തിനും ഗതാഗത ക്രമീകരണങ്ങൾക്കും ആവശ്യമായ നടപടി സ്വീകരിക്കും.

നഗരത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സാഹചര്യം സൃഷ്‌ടിക്കും. ഇതിനായി പ്രവാസികളുടെയും വൻകിട ബിസിനസുകാരുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കും. കേന്ദ്രസർക്കാരിന്റെ വിവിധ ഫണ്ടുകൾ നേടിയെടുക്കാൻ ആവശ്യമായ ശ്രമം നടത്തും. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും. കെട്ടിക്കിടക്കുന്ന നഗരസഭാ ഫയലുകൾ അദാലത്ത് വഴി തീർപ്പാക്കാൻ നടപടിയെടുക്കും. നഗരത്തിലെ വിവിധ മേഖലകളിൽ മൈതാനങ്ങൾ നിർമിക്കും. ചിൽഡ്രൻസ് പാർക്കിനും പദ്ധതി തയാറാക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. നഗരസഭയിലെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടിയെടുക്കും. തെരുവു വിളക്കുകളില്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി അവ സ്ഥാപിക്കും. തകരാറുള്ളവ പരിഹരിക്കാനും നടപടി സ്വീകരിക്കും.
………………………………………..
www.perinthalmannaradio.com

Share to

Leave a Reply

Your email address will not be published. Required fields are marked *