
Perinthalmanna Radio
Date: 08-01-2026
തൂത: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും. തൂത-മുണ്ടൂർ സംസ്ഥാന പാത നാലു വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലപ്പുറം- പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. പാലത്തിന് വലിയ വാഹനങ്ങൾക്ക് എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വശംകൊടുക്കുവാൻ വീതിയില്ലാത്തതിനാൽ നിലവിൽ ഗതാഗത ക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
നാലുവരിപ്പാത പ്രയോജന പെടുത്തണമെങ്കിൽ പുതിയ പാലം നിർമിക്കണമെന്നത് കൊണ്ടാണ് നിലവിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. ശക്തമായ മഴയിൽ പുഴയിൽ വെള്ളം കൂടിയതോടെ ജൂലൈ 25-ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. പുഴയിലെ വെള്ളം കുറഞ്ഞതോടെ ഡിസംബറിലാണ് നിർമാണം പുനരാരംഭിച്ചത്.
പുതിയ പാലത്തിന് 10 മീറ്റർ വീതിയും 100 മീറ്ററിലധികം നീളവുമുണ്ടാകും. ഒരു വശത്ത് നടപ്പാതയും ഉണ്ടാകും. ആറ് തൂണുകളിൽ വലിയ ഗർഡറുകൾ കൊണ്ട് ബന്ധിച്ചാണ് പാലം നിർമിക്കുന്നത്. നിർമാണത്തിന് ആവശ്യമായ 18 വലിയ ഗർഡറുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പാലം നിർമാണം നടക്കുന്ന സ്ഥലത്തിനടുത്ത് ചെർപ്പുളശ്ശേരി പാതയോരത്താണ് ഇവ കോൺക്രീറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഇവ പാലത്തിന്റെ തൂണുകളിൽ ഉറപ്പിക്കുന്ന പ്രവൃത്തി തുടങ്ങും. ജനുവരി അവസാനത്തോടെ പാലം നിർമാണം പൂർത്തിയാകും. ഫെബ്രുവരി അവസാനം വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തതിനുശേഷം നിലവിലെ പാലത്തിന്റെ ഉപരിതലം ടാർചെയ്ത് രണ്ടുവരി ഗതാഗതത്തിന് തുറന്നുകൊടുക്കും. രണ്ട് പാലങ്ങളിലൂടെയായി നാലുവരി പാതയുടെ വാഹന ഗതാഗത ക്രമീകരണം നിലവിൽ വരും.
1985-ൽ പണിത നിലവിലെ പാലത്തിനു പകരമായി പുതിയ പാലം നിർമിക്കണമെന്ന് പദ്ധതി നിർദേശമുണ്ടായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. റീബിൽഡ് കേരള പദ്ധതിയുൾപ്പെടുത്തി 323 കോടി രൂപ ചെലവിലാണ് തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്നത്. കിഫ്ബി പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
———————————————————
www.perinthalmannaradio.com
