അവഗണനകളിൽ വീർപ്പുമുട്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Share to


Perinthalmanna Radio
Date: 09-01-2026

പെരിന്തൽമണ്ണ : ആശുപത്രികളുടെ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ സർക്കാരിന്റെ കടുത്ത അവഗണനകൾക്ക് നടുവിൽ വീർപ്പുമുട്ടി നിൽക്കുകയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. ജില്ലയിലെ ഏക അടിയന്തര സ്ട്രോക്ക് ചികിത്സാ യൂണിറ്റുള്ള ആശുപത്രിയിൽ ഒരു ന്യൂറോളജിസ്റ്റിനെ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.

എന്നാൽ, ഇതുവരെ ന്യൂറോളജിസ്റ്റിനെ അനുവദിച്ചിട്ടില്ല. ന്യൂറോളജിസ്റ്റ് ഇല്ലാത്തതിനാൽ യൂണിറ്റ് മറ്റൊരിടത്തേക്ക് മാറ്റുമോ എന്ന ആശങ്കയുമുണ്ട്.

സൈക്ക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫോറൻസിക് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ എന്നിവരായിരുന്നു മറ്റ് ആവശ്യങ്ങൾ. ഇവയും അവഗണിക്കപ്പെട്ടു.

ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ഇത്രയും നാളായി സൈക്ക്യാട്രിസ്റ്റിനെ അനുവദിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ പ്രസവം നടക്കുന്ന ആശുപത്രിയായതിനാൽ നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ചികിത്സയും ഉറപ്പു വരുത്താൻ രണ്ട് പിഡിയാട്രീഷ്യന്മാരെ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അതും അവഗണിക്കപ്പെട്ടു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയും ഉച്ചവരെ പ്രവർത്തിക്കുന്ന ജനറൽ ഒപിയും നാല് സ്ഥിരം ഡോക്ടർമാരെയും രണ്ട് താത്കാലിക ഡോക്ടർമാരെയും വെച്ചാണ് നടത്തുന്നത്. ശരാശരി 500 രോഗികൾ കാഷ്വാലിറ്റിയിലും 700 രോഗികൾ വരെ ഒപികളിലും ചികിത്സ തേടിയെത്തുന്ന സാഹചര്യത്തിൽ ഉയർന്ന ജോലി ഭാരമാണ് നിലവിലുള്ള ആറ് ഡോക്ടർമാർക്ക് ഉണ്ടാകുന്നത്.

ആറ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും രണ്ട് അസിസ്റ്റന്റ് സർജന്മാരും ഉൾപ്പെടെ 10 പേർ വേണ്ടിടത്താണ് ആറു പേരെ വെച്ച് ഓരോ ദിവസവും കാഷ്വാലിറ്റിയും ഒപിയും പ്രവർത്തിക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *