കുളിർമലയിലെ തീപിടിത്തത്തിൽ 50 ഏക്കർ കത്തിയമർന്നു

Share to


Perinthalmanna Radio
Date: 11-01-2026

പെരിന്തൽമണ്ണ : ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന തീപിടിത്തത്തിൽ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള കുളിർമലയിലെ 50 ഏക്കറോളം വരുന്ന സ്ഥലത്തെ പുൽക്കാടുകളും വൃക്ഷങ്ങളുമെല്ലാം കത്തിയമർന്നു. വെള്ളിയാഴ്‌ച പുലർച്ചെയോടെയാണ് വ്യാപനം ഒഴിവായി തീ എരിഞ്ഞടങ്ങിയത്. പെരിന്തൽമണ്ണ– മണ്ണാർക്കാട് റോഡിൽ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും തൊട്ടടുത്ത് വരെ തീ എത്തിയിരുന്നു. ഇവിടെ മാളിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടമായി ടെന്റ് കെട്ടി താമസിക്കുന്ന തൊഴിലാളികളെ വെള്ളിയാഴ്ച രാത്രി അധികൃതർ മാറ്റിയിരുന്നു.

പെരിന്തൽമണ്ണയിലെയും മണ്ണാർക്കാട്ടെയും അഗ്നിശമന സേനാംഗങ്ങളും ട്രോമാകെയർ പ്രവർത്തകരും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്‌താണു വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ വരെയെത്തിയ തീ നിയന്ത്രണ വിധേയമാക്കിയത്.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മലയിൽനിന്ന് തീ ഉയരുന്നത് പരിസരവാസികൾ കാണുന്നത്. ഉടൻ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ആ സമയം മുതൽ അർധരാത്രി വരെയും കഠിനാധ്വാനം ചെയ്‌തതിന്റെ ഫലമാണ് നാശനഷ്‌ടങ്ങളുട‌െ തീവ്രത കുറയ്‌ക്കാനായത്. റബർ തോട്ടത്തിലേക്ക് തീ പടരുന്നത് തടയാനും രക്ഷാപ്രവർത്തകർക്കായി. എങ്കിലും ഒട്ടേറെ വൃക്ഷങ്ങളും തെങ്ങുകളും അപൂർവ പച്ചമരുന്നിനങ്ങളുമെല്ലാം കത്തിപ്പോയി.

സർക്കാർ വനഭൂമിക്കു പുറമേ സ്വകാര്യ സ്ഥലം കൂടി ഉൾപ്പെട്ടതാണ് കത്തിനശിച്ച സ്ഥലം. പെരിന്തൽമണ്ണ അഗ്നിരക്ഷാ വിഭാഗത്തിന്റെ യൂണിറ്റും വാട്ടർ ലോറിയും ശബരിമല ഡ്യൂട്ടിയിലായതും പ്രതിസന്ധിയായി. ചെറിയ വഴികളിലൂടെ ഓടിച്ചു കൊണ്ടു പോകാൻ കഴിയുന്ന ഫസ്‌റ്റ് റസ്‌പോൺസ് വെഹിക്കിൾ ഇല്ലാത്തത് മലമുകളിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.മുകളിലേക്ക് നട‌ന്നുകയറി പച്ചില ശിഖരങ്ങൾ ഉപയോഗിച്ച് അടിച്ചു കെടുത്തേണ്ട അവസ്ഥ പോലും ഉണ്ടായി. വളരെയേറെ ജീവജാലങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥയ്‌ക്കും നാശം സംഭവിച്ചു.

കഴിഞ്ഞ വർഷവും കുളിർമലയിൽ തീപിടിത്തം ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാസേനാ വിഭാഗം സ്റ്റേഷൻ ഓഫിസർ പി.നാസർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ വി.അനി, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി.ബി.രാമദാസ്, എം.കിഷോർ, ഒ.കെ.ഹർഷാദ് തുടങ്ങിയവരും ജില്ലാ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിലുള്ള ട്രോമാകെയർ സംഘവുമാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *