തൂതപ്പുഴയിലെ തൈപ്പാറയ്ക്കൽ കടവിൽ തടയണ നിർമാണം തുടങ്ങി

Share to


Perinthalmanna Radio
Date: 15-01-2026

ആലിപ്പറമ്പ് : തൂതപ്പുഴയിൽ കാളികടവിനു താഴെ തൈപ്പാറയ്ക്കൽ കടവിൽ തടയണ നിർമാണം തുടങ്ങി. ചെർപ്പുളശ്ശേരി നഗരസഭ, തൃക്കടീരി, അനങ്ങനടി, ചളവറ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് തടയണ നിർമാണം. ഈ തടയണ ആലിപ്പറമ്പ് കൊടക്കാപറമ്പ് ജലനിധി കുടിവെള്ള പദ്ധതിക്കും പ്രയോജനപ്പെടും. മണൽ നിറച്ച ചാക്കുകൾ കൊണ്ട് വെള്ളം കെട്ടി പുഴയുടെ മധ്യഭാഗത്ത് താത്കാലിക ഓവുപാലം നിർമിച്ച് അതിലൂടെ വെള്ളം ഒഴുക്കിവിട്ട് തടയണയുടെ അടിത്തറ കോൺക്രീറ്റ് ചെയ്യാനുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 1.5 മീറ്റർ ഉയരത്തിൽ കോൺക്രീറ്റും 1.5 മീറ്റർ ഉയരത്തിൽ ഷട്ടറും ഉൾപ്പെടെ ആകെ മൂന്ന് മീറ്റർ ഉയരമാണ് തടയണയ്ക്കുണ്ടാവുക. ആവശ്യമായ ഘട്ടങ്ങളിൽ വെള്ളം കെട്ടിനിർത്തുന്നതിനും തുറന്നുവിടുന്നതിനും എട്ട് ഷട്ടറുകളുണ്ടാകും. തടയണയുടെ വെള്ളം സംഭരിക്കുന്ന ഭാഗത്ത് ഇരുതീരത്തും 200 മീറ്റർ നീളത്തിൽ പാർശ്വഭിത്തി നിർമിക്കും. തടയണയിൽനിന്ന് വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് പുഴയുടെ ഇരുതീരത്തും 90 മീറ്റർ നീളത്തിലും പാർശ്വഭിത്തി നിർമിക്കും. പാർശ്വഭിത്തിയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. 2000-ലധികം ഗാർഹിക ഗുണഭോക്താക്കളുള്ള ആലിപ്പറമ്പ് കൊടക്കാപ്പറമ്പ് ജലനിധി കുടിവെള്ള പദ്ധതിയുടെയും ചെർപ്പുളശ്ശേരി കുടിവെള്ള പദ്ധതിയുടെയും ജലസ്രോതസ്സ് കാളികടവാണ്. പുഴയുടെ രണ്ട് തീരങ്ങളിലുള്ള രണ്ട് കുടിവെള്ള പദ്ധതിക്കും ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേനൽക്കാലമാകുന്നതോടെ കാളികടവിൽ മണൽ നിറച്ച ചാക്കുകൾകൊണ്ട് താത്കാലിക തടയണ നിർമിക്കുകയാണ് പതിവ്. തൈപ്പാറയ്ക്കൽ തടയണ നിർമാണം പൂർത്തിയാകുന്നതോടെ രണ്ട് കുടിവെള്ള പദ്ധതികൾക്കും വേനലിൽ വെള്ളം പമ്പുചെയ്യാനുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരമാകും. ജലസേചന വകുപ്പ് 6.3 കോടി ചെലവിലാണ് തടയണ നിർമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *