
Perinthalmanna Radio
Date: 17-01-2026
പെരിന്തൽമണ്ണ: അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കുമടങ്ങുന്നത് വ്യാപാര, നിർമാണ മേഖലകളിൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക. അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് എസ്ഐആർ പൂർത്തീകരണത്തിന്റെ ആവശ്യാർഥം അവർ സ്വന്തം ദേശങ്ങളിലേക്കു തിരിക്കുന്നത്.
സാധാരണയായി തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപുതന്നെ ഇവർ നാടുകളിലേക്കു മടങ്ങാറുണ്ട്. ഒന്നര മാസത്തിലധികം സമയം അവിടെ ചെലവഴിച്ചാണ് തിരികെയെത്താറുള്ളത്.
എന്നാൽ, എസ്ഐആർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാലാണ് ഇത്തവണ പതിവിലും നേരത്തെ പുറപ്പെട്ടതെന്നാണു പറയുന്നത്. അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്.
25 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ തൊഴിലാളികൾ വിവിധ ജില്ലകളിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അസം തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്നത് ക്വാറികളിലാണ്.
ബംഗാൾ സ്വദേശികളാകട്ടെ കെട്ടിട നിർമാണ മേഖലയിലുമാണ്. പച്ചക്കറി, മാംസ മാർക്കറ്റുകൾ, ബാർബർ ഷോപ് തുടങ്ങിയ ഇടങ്ങളിൽ ഇരുകൂട്ടരുമുണ്ട്.
റമസാൻ മാസം തുടങ്ങുന്നതിനു മുൻപായി കെട്ടിട നിർമാണം തീർക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. ഈ സമയത്ത് തൊഴിലാളികളെ കിട്ടാനില്ലാത്തത് മൊത്തം പണികളെ ബാധിക്കുമെന്നാണ് ആശങ്ക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
