പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ആരാധകരായി ഫിഫയും

Share to

Perinthalmanna Radio
Date: 08-11-2022

പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചി​ത്രം പങ്കുവെച്ച് അന്തർ ദേശീയ ഫുട്ബാൾ ഫെഡറേഷനും. ട്വിറ്റർ വഴിയാണ് ‘ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം’ എന്ന കുറിപ്പോടെ ‘ഫിഫ’ ചിത്രം പങ്കുവെച്ചത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതോടെ കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു.

പുള്ളാവൂർ ചെറുപുഴയിൽ അർജന്റീന ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചതോടെ ബ്രസീൽ ആരാധകർ നെയ്മറിന്റെ അതിനേക്കാൾ വലിയ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു. പോർച്ചുഗൽ ആരാധകരും വെറുതെയിരുന്നില്ല. മുമ്പ് സ്ഥാപിച്ച രണ്ടിനെയും വെല്ലുന്ന ​ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമായി അവരും രംഗത്തെത്തി. ഇതിനിടെ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെ ചൊല്ലി വിവാദവും ഉടലെടുത്തു.

പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച് സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓൺലൈനിൽ പരാതി നൽകിയതോടെ കട്ടൗട്ടുകൾ മാറ്റാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ ഫാൻസിന് നിർദേശം നൽകിയിരുന്നു.

ഇതിനെതിരെ പി.ടി.എ റഹീം എം.എൽ.എ അടക്കം രംഗത്തുവന്നു. കട്ടൗട്ടുകൾ എടുത്തു മാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മർക്കും ഫുട്ബാൾ ആരാധകരുടെ ആഹ്ലാദത്തിനും ഒപ്പമാണെന്നും പ്രതികരിച്ചിരുന്നു.

അതിനിടെ, കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ രംഗത്തെത്തി. ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകർ.

പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച് കൊടുവള്ളി നഗരസഭ ചെയർമാനും രംഗത്തെത്തിയിരുന്നു. ഫുട്ബാൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഫുട്ബാൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Share to

Leave a Reply

Your email address will not be published. Required fields are marked *