അങ്ങാടിപ്പുറം പഞ്ചായത്തിൽ 30 ഏക്കറിലധികം നെൽകൃഷി നശിച്ചു

Share to


Perinthalmanna Radio
Date: 20-01-2026

അങ്ങാടിപ്പുറം : പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി നെൽകൃഷിക്ക് വ്യാപകമായ രീതിയിൽ കുമിൾ ബാധയേറ്റു. വിവിധ പാടശേഖരങ്ങളിലായി 30ൽ അധികം ഏക്കർ വിളഞ്ഞു നില്ക്കുന്ന നെൽക്കതിരുകൾ പെെട്ടന്ന് വ്യാപിച്ച രോഗത്താൽ നശിച്ചു പോയി. നെൽപ്പാടം കർഷകർക്ക് കണ്ണീർപ്പാടമായി.

‘നെക്ക് ബ്ലാസ്റ്റ് ‘ എന്ന തീവേഗത്തിൽ പടരുന്ന രോഗമാണ് ബാധിച്ചത്. ”മൂന്നു ദിവസം മുൻപ് ഞാൻ നനയ്ക്കാൻ വന്നപ്പോൾ പോലും എന്റെ വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾക്ക് ഒരു കുഴപ്പവും കണ്ടില്ല’’, പാട്ടകർഷകനായ കുഞ്ഞാപ്പ നെൽച്ചെടികളെ ചേർത്തുപിടിച്ച് പൊട്ടിക്കരയുന്ന ദൃശ്യം ആരേയും കരളലിയിപ്പിക്കുന്നതായിരുന്നു.

പാട്ടത്തിനെടുത്ത അഞ്ച് ഏക്കർ കൃഷിയാണ് കുഞ്ഞാപ്പയ്ക്കു നഷ്ടമായത്. സ്വന്തം അധ്വാനത്തിനു പുറമെ 2, 60, 000 രൂപ കടമെടുത്താണ് കൃഷിയെ എന്നും ഹൃദയത്തിലേറ്റുന്ന കുഞ്ഞാപ്പ ഇത്തവണ നെൽകൃഷിയിറക്കിയത്. തിരൂർക്കാട് പടിഞ്ഞാറെപാടം പാടശേഖരത്തിലെ തന്റെ നെൽപ്പാടത്ത് ഒരു കതിരുപോലും ബാക്കി അവശേഷിക്കാതെ നശിച്ചുപോയത് സഹിക്കാനാകാതെ കുഞ്ഞാപ്പ പൊട്ടിക്കരഞ്ഞു. കുഞ്ഞാപ്പയെപ്പോലെ പാട്ടത്തിനും സ്വന്തം വയലിലും കൃഷി ഇറക്കിയ ഇരുപതോളം കർഷകരുടെ നെല്ല് കണ്ണീരിൽക്കുതിർന്നു.

അങ്ങാടിപ്പുറത്ത് പൂപ്പലം, കയിലിപ്പാടം, വലമ്പൂർ വെസ്റ്റ്, അരിപ്ര തുടങ്ങിയ പാട ശേഖരങ്ങളിലാണ് അതിവേഗം നെക്ക് ബ്ലസ്റ്റ് വ്യാപിച്ചത്.

ഗഫൂർ വടക്കെതിൽ ( അഞ്ച് ഏക്കർ), അയൂബ് കയിലിപ്പാടം (നാല് ഏക്കർ), ഷറീഫ് കക്കാട്ടിൽ ( ഒരു ഏക്കർ), യൂസഫ് പോത്തുകാട്ടിൽ (രണ്ടരഏക്കർ), അയൂബ്(നാല് ഏക്കർ), ഷറീഫ് കക്കാട്ടിൽ (ഒരു ഏക്കർ), ഉമ്മർ പൂളക്കൽ (രണ്ട് ഏക്കർ), സൂപ്പി കക്കാട്ടിൽ (1.5 ഏക്കർ), പാലത്തിങ്ങൽ കുഞ്ഞാപ്പ ( അഞ്ച്‌ഏക്കർ) എന്നിവരുടെ നെൽകൃഷിയാണ് പെെട്ടന്ന് ഇല്ലാതായത്. കൃഷിഭവനിൽ നിന്ന് മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്.

*എന്താണ് നെക്ക് ബ്ലാസ്റ്റ് രോഗം*

നെല്ലിനെ ബാധിക്കുന്ന ഒരു കുമിൾ (ഫംഗസ്) രോഗമാണ് നെക് ബ്ലാസ്റ്റ്. നെൽച്ചെടിയിൽ കതിർക്കുലകൾ ചേരുന്ന ഭാഗത്ത് കറുത്ത പാടു വന്ന കതിരുകൾ ഒടിഞ്ഞ് കുല വാടിപ്പോകുന്നു. നെന്മണി ഉറയ്ക്കാതെ പതിരായി മാറുന്നു. നിറം കണ്ടാൽ വിളഞ്ഞു നിൽക്കുന്നതായി തോന്നും. പെട്ടന്നാണ് വ്യാപനം. രോഗബാധ നേരത്ത കണ്ടെത്തുകയാണെങ്കിൽ കുമിൾ നാശിനികൾ ഉപയോഗിച്ച് പ്രതിരോധിക്കാമെങ്കിലും രോഗംബാധിച്ച ഉടൻ അറിയാൻ പ്രയാസമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *