
Perinthalmanna Radio
Date: 26-01-2026
അങ്ങാടിപ്പുറം : തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിക്കാനായി സ്വന്തം ബുള്ളറ്റ് വരെ വിൽക്കാൻ തീരുമാനി ച്ചിരിക്കുകയാണ് അങ്ങാടിപ്പുറം പഞ്ചായത്ത് പിച്ചാണിപ്പറമ്പ് വാർഡ് മെംബർ ഷബീർ. 35 വർഷമായി റോഡോ ഇടവഴിയോ ഇല്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിയുന്ന പിച്ചാണിപ്പറമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിലെ കുടുംബങ്ങൾക്കാണ് ഷബീർ ആശ്വാസമാകുന്നത്.
വർഷങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി കൈവിട്ട കോളനിയിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായി എത്തിയപ്പോൾ ‘ഇക്കുറി വോട്ടില്ല’ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. എന്നാൽ, തുരുത്തു പോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ജീവിതാവസ്ഥയും ദുരിതവും നേരിൽ കണ്ടതാണ് ഒരു ഉറച്ച വാക്കിലേക്ക് ഷബീർ മാഞ്ഞാമ്പ്രയെ എത്തിച്ചത്. താൻ ജയിച്ചാലും തോറ്റാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകി. സ്വന്തമായി വലിയ സാമ്പത്തിക ശേഷിയില്ല എന്നറിഞ്ഞിട്ടും ഈ ആവശ്യത്തിനായി കൈനീട്ടിയാൽ സഹായങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം മുന്നോട്ട് പോയത്. മെംബറായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സ്ഥലം എഗ്രിമെന്റ് വയ്ക്കുകയും അഡ്വാൻസ് തുക നൽകുകയും ചെയ്തു.
കട്ടുപ്പാറ സ്വദേശിയായ റഫീഖ് എന്ന സ്ഥലമുടമയുടെ സഹകരണത്തോടെ യാണ് മൂന്ന് ലക്ഷം രൂപക്ക് ആവശ്യമായ സ്ഥലം ലഭ്യമായത്. റോഡിനായി വാങ്ങിയ ഭാഗം അദ്ദേഹം സൗജന്യമായി വിട്ടു നൽകിയതും നേട്ടമായി. ഇനി ബാക്കി തുക അടച്ച് റോഡ് തുറന്ന് നൽകേണ്ട സാഹചര്യത്തിലാണ് അതിനായി താൻ ഏറെ ഇഷ്‌ടപ്പെടുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ വിൽക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. ഇഷ്ടപ്പെട്ട ബുള്ളറ്റ് വിട്ടു കൊടുക്കുന്നതിൽ സങ്കടമുണ്ട്. പക്ഷേ, ഒത്തിരി കുടുംബങ്ങളുടെ സന്തോഷത്തിനായാണെന്ന് ചിന്തിക്കുമ്പോൾ അതിലധികം സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് മെംബർ കൂടിയായ ഷബീർ മാഞ്ഞാമ്പ്ര പറയുന്നു. സാമൂഹ്യ, ജീവകാരുണ്യ, ദുരന്ത രക്ഷസേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തി കൂടിയാണ് ഷബീർ മാഞ്ഞാമ്പ്ര
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
