
Perinthalmanna Radio
Date: 12-11-2022
മലപ്പുറം: ജില്ല ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ വർഷങ്ങൾക്ക് ശേഷം ലേസർഷോ നാളെ മുതല്‍ വീണ്ടും തുടങ്ങുന്നു. മൂന്നു വർഷത്തിന് ശേഷമാണ് സംഗീത ജലധാരയും ലേസർ ഷോയും പുനരാരംഭിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് കുറെ കാലങ്ങളായി ലേസർ ഷോ പ്രവർത്തനം മുടങ്ങിയത്.
പ്രവർത്തനം പുനരാരംഭിക്കാൻ അറ്റകുറ്റപ്പണി നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി. കോവിഡ് പശ്ചാത്തലത്തിൽ തകരാർ പരിഹരിക്കുന്നത് നീണ്ടതാണ് തടസ്സമായത്. കൂടാതെ, കേടു വന്ന ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന് പാർട്സും കൃത്യ സമയത്ത് ലഭിച്ചില്ല. ഇതോടെ പ്രവൃത്തി നീളുകയായിരുന്നു. തുടർന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വീണ്ടും ടെൻഡർ വിളിച്ചാണ് അറ്റ കുറ്റപ്പണി പുനരാരംഭിച്ചത്.
മലപ്പുറത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യ സമരത്തിലെ ജില്ലയുടെ പങ്കുമായിരുന്നു ലേസർ ഷോയിൽ ഉൾപ്പെട്ടിരുന്നത്. 2015 മാർച്ച് 28ന് അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽ കുമാറാണ് സംഗീത ജലധാരയും ലേസർ ഷോയും ഉദ്ഘാടനം ചെയ്തത്. രണ്ട് കോടി ചെലവിലായിരുന്നു ബംഗളൂരു ആസ്ഥാനമായ കമ്പനി കോട്ടക്കുന്നിൽ പുതിയ സംവിധാനം ഒരുക്കിയത്. ശനി, ഞായർ ദിവസങ്ങളിലും ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലും ആയിരുന്നു പ്രദർശനം ഉണ്ടായിരുന്നത്.
കോട്ടക്കുന്ന് ഡെസ്റ്റിനേഷനിലെ ലേസര്‍ ഷോയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 6.30ന് കായികം, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി പി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പി.ഉബൈദുള്ള എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, വൈസ് ചെയര്‍മാന്‍ ഫൗസിയ കുഞ്ഞിപ്പ, നഗരസഭാംഗം ഒ. സഹദേവന്‍, പഞ്ചായത്തംഗം പി.എസ്.എ ഷബീറലി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി അനില്‍, ഷബീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍, ഡിടിപിസി സെക്രട്ടറി വിപിന്‍ചന്ദ്ര എന്നിവര്‍ പങ്കെടുക്കും.
